തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായുള്ള ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കൂടാതെ ഹര്‍ത്താലില്‍ അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശനനടപടി എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവര്‍ സംസ്ഥാനത്തിന്റെ വികസനത്തിന് ഒന്നും ചെയ്യാത്തവരാണെന്നും ഇവ തുടര്‍ച്ചയായുള്ള ഹര്‍ത്താലുകള്‍ ചിലര്‍ ബോധപൂര്‍വം നടത്തിയതാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ കൂട്ടിച്ചേര്‍ത്തു.
വര്‍ഗീയ കലാപത്തിനായി കാസര്‍കോട് മഞ്ചേശ്വരത്ത് നീക്കം നടന്നതായി കണ്ടെത്തിയെന്നും പോലീസ് കരുതലോടെയാണു നീങ്ങുന്നതെന്നും ജനങ്ങളുടെ സഹകരണവും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ഹര്‍ത്താല്‍ വിഷയമാക്കിയുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാഷ്ട്രീയ പാര്‍ട്ടികളുടെ മിന്നല്‍ ഹര്‍ത്താലുകളില്‍ ഏറെ ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ക്കുണ്ടായതായി പറഞ്ഞു. ഒരു മാസത്തില്‍ എട്ട് ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ചതു ജനങ്ങള്‍ക്കു വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെന്നും ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ സഭയില്‍ അവതരിപ്പിച്ച് പാസാക്കാന്‍ സര്‍ക്കാര്‍ തയാറാകുമോ എന്നും ഇതിനു മുഖ്യമന്ത്രി തയാറാകുമോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. വിഷയത്തില്‍ സമവായം നടത്താനാകുമോയെന്നു പുറത്തു ചര്‍ച്ച ചെയ്യാമെന്നും അതിനുശേഷം തീരുമാനമെടുക്കുന്നതായിരിക്കും നല്ലതെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.