ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ പ്രളയത്തില്‍ ഇടിഞ്ഞ് താഴ്ന്ന തൂമ്പിനാല്‍ കടവ് കോണ്‍ക്രീറ്റ് പാലത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് കൈകോര്‍ത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍. പാലം നിര്‍മ്മാണത്തിന് മുന്നിട്ടിറങ്ങിയത് ബുധനൂര്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളാണ്.
പത്ത് ലക്ഷം രൂപയാണ് കുട്ടന്പേരൂര് ആറിന് കുറുകേയുള്ള പാലത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് വകയിരുത്തിയത്. ബുധനൂര്‍, മാന്നാര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പത്ത് വര്‍ഷം പഴക്കമുള്ള പാലമാണ് ജനകീയ പങ്കാളിത്തത്തോടെ സഞ്ചാരയോഗ്യമാകാന്‍ പോകുന്നത്. രണ്ട് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കും എന്നാണ് സൂചന.
ബുധനൂരുകാര്‍ക്ക് പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ മാന്നാറിലെത്താന് ആറ് കിലോ മീറ്റര്‍ ചുറ്റിസഞ്ചരിക്കേണ്ടിവരില്ല. ബുധനൂര്‍ പഞ്ചായത്തിന് പമ്പാ അച്ചന്കോവിലാറുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കുട്ടന്പേരൂര് ആറിലെ ചെളിയും പോളയും നീക്കി 700 തൊഴിലുറപ്പ് തൊഴിലാളികള്‍ ദേശീയ പുരസ്കാരം നേടിക്കൊടുത്തിരുന്നു.