തിരുവനന്തപുരം: ‘ഐഎസ്ആര്‍ഒക്ക് വേണ്ടി ആ മഹാന് എന്ത് ചെയ്തു?’ എന്നു ചോദിച്ച് നമ്പി നാരായണന് പദ്മഭൂഷണ്‍ നല്‍കിയതിനെതിരെ ആഞ്ഞടിച്ച് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തവരും നല്കിയവരും ഇതിനുത്തരം പറയണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു.
ഭാരതത്തിനും ശാസ്ത്രത്തിനും എന്ത് സംഭാവനയാണ് 1994 ല്‍ സ്വയം വിരമിക്കലിന് കത്ത് കൊടുത്ത ആ മഹാന് ചെയ്തത് എന്ന് പറയാന്‍ അവര്‍ ബാധ്യസ്ഥരാണ്. ഐഎസ്ആര്‍ഒയില്‍ നാലായിരം പേരുണ്ട്. നമ്പി നാരായണനെ കുറിച്ച് അവരോട് ആരോട് ചോദിച്ചാലും മോശം അഭിപ്രായമായിരിക്കും. അദ്ദേഹം ഐഎസ്ആര്‍ഒയ്ക്ക് വേണ്ടി യാതൊരു സംഭാവനയും നല്‍കിയിട്ടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.
നമ്പി നാരായണന് ശരാശരിക്ക് താഴെയുള്ള സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ച് പോയ ശാസ്ത്രഞ്ജനാണ്. ഐഎസ്ആര്‍ഒ കേസില്‍ സുപ്രിം കോടതി നിയോഗിച്ച സമിതി അന്വേഷണം പൂര്‍ത്തിയാക്കും മുന്‍പ് അവാര്‍ഡ് കൊടുക്കുന്നത് ശരിയല്ലെന്നും ഇങ്ങനെ പോയാല്‍ അടുത്ത വര്‍ഷം മറിയം റഷീദയ്ക്കും ഗോവിന്ദ ചാമിക്കും അമീറുള്‍ ഇസ്ലാമിനും അവാര്‍ഡ് കിട്ടിയേക്കുമെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.