തിരുവനന്തപുരം: ലഹരിക്കായി ദുരുപയോഗം ചെയ്യാവുന്ന മരുന്നുകള്‍ സംസ്ഥാനത്തെ ചില ചില്ലറ മരുന്നുവില്‍പ്പനശാലകള്‍ അനധികൃതമായി വില്പന നടത്തുന്നതായി എക്സൈസും ഡ്രഗ് കണ്ട്രോള് വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
അനധികൃത വില്പന കൂടുതലും നടക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള മരുന്നു കടകളിലാണ് എന്ന കണ്ടെത്തലാണ് ഇതിനെ കൂടുതല്‍ അപകടകരമാക്കുന്നത്. ജില്ലകളില്‍നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എക്സൈസിന്റെ കണ്ടെത്തല്‍ പ്രകാരം മരുന്നുകളുടെ ദുരുപയോഗം വര്‍ധിക്കുകയാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് അതിര്‍ത്തി ജില്ലകളിലേക്ക് മരുന്നുകളെത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരിലേറെയും വിദ്യാര്‍ഥികളാണ് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
എക്സൈസ് കമ്മിഷണര്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ക്ക് കത്തയച്ചത് ലഹരിക്കായി ദുരുപയോഗം ചെയ്യുന്ന മരുന്നുകള്‍ മരുന്നു വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് വാങ്ങുന്നത് വര്‍ധിക്കുന്നതായി എക്സൈസിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ്. എക്സൈസിന് മരുന്നു വില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ അധികാരമില്ല. പരിശോധന നടത്തേണ്ട ഡ്രഗ് കണ്ട്രോള് വകുപ്പിനാകട്ടെ ആവശ്യത്തിനു ജീവനക്കാരുമില്ല. ഇതിനെ തുടര്‍ന്നാണ് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തൊട്ടാകെ സംയുക്ത പരിശോധന നടത്തിയത്.
കമ്മിഷണര്‍ കത്തില്‍ വിദ്യാലയങ്ങള്‍ക്ക് അടുത്തുള്ള ചില മരുന്നു വ്യാപാര സ്ഥാപനങ്ങള്‍ ലഹരിക്കായി ദുരുപയോഗം ചെയ്യുന്ന മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വില്‍ക്കുന്നതായി ചൂണ്ടിക്കാട്ടി. പരിശോദനയില്‍ എക്സൈസ് കണ്ടെത്തിയത് നിട്രോസന്‍, ട്രിക്ക, നിട്രാവെറ്റ്, പാസ്മോ പ്രോക്സിവോണ്‍ പ്ലസ്, അല്‍പ്രാക്സ് തുടങ്ങിയ മരുന്നുകള്‍ അനധികൃതമായി വില്പന നടത്തുന്നതായാണ്. ഇവ ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും മാനസിക സമ്മര്‍ദത്തിനും വേദനസംഹാരിയായും നല്കുന്ന മരുന്നുകളാണ്.