കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടിക്ക് അനുകൂല തീരുമാനവുമായി ഹൈക്കോടതി. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ വനിതാ ജഡ്ജിമാര്‍ ലഭ്യമാണോ എന്ന് പരിശോധിക്കാന്‍ ഹൈക്കോടതി രജിസ്റ്റാര്‍ക്ക് നിര്‍ദ്ദേശം നല്കി. വ്യാഴാഴ്ച വീണ്ടും കേസ് പരിഗണിക്കും. സ്ത്രീകളും കുട്ടികളും ഇരകളാകുന്ന കേസുകള്‍ പരിശോധിക്കാന്‍ സംസ്ഥാനത്ത് മതിയായ കോടതികള്‍ ഇല്ലെന്ന് ഹൈക്കോടതി പറഞ്ഞു.
ഈ സാഹചര്യം അതീവ ഗുരുതരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ഇരയായ വ്യക്തിക്ക് പ്രതിയുടെ മുന്നിലൂടെ കോടതിയിലെത്തേണ്ട സാഹചര്യമാണെന്നും നിര്‍ഭയമായി ഇരകള്‍ക്ക് മൊഴി നല്കാന് സാധിക്കുന്നില്ലെന്നും കോടതി വിലയിരുത്തി.
ഒപ്പം കഴിഞ്ഞ ആറുമാസത്തിനിടയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പീഡനത്തിന് ഇരയാകുന്നവര്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ മൊഴി നല്കാന് കോടതികളില്‍ പ്രത്യേക സംവിധാനം ഉണ്ട്. ഇവിടുത്തെ സ്ഥിതി ദയനീയമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.