കൊച്ചി: മുനമ്പത്തുനിന്ന് പോയത് 120 പേരാണെന്ന് പോലീസിന് വിവരം ലഭിച്ചു. ഇരുന്നൂറിലധികം പേര് മാല്യങ്കരയില്‍നിന്നു ബോട്ടില്‍ പോയിട്ടുണ്ടെന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന വിവരം. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ 120 പേര് മാത്രമേ പോയിട്ടുള്ളുവെന്ന് വ്യക്തമായി. ഇവരുടെ പൂര്‍ണ്ണവിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
നാടുവിട്ടവരില്‍ 98 ശതമാനം പേരും അടുത്തബന്ധുക്കളാണ്. ശ്രീലങ്ക, ഇന്‍ഡൊനീഷ്യ, മലേഷ്യ, ക്രിസ്മസ് ദ്വീപുകള്‍ എന്നീ മാര്‍ഗത്തില്‍ പോകാനായിരുന്നു ബോട്ടിലുള്ളവരുടെ ലക്ഷ്യമെന്നാണ് പുതിയ വിവരം. അതിനാല്‍ ഈ രാജ്യങ്ങളിലെ അധികൃതര്‍ക്ക് ബോട്ടുമായി ബന്ധപ്പെട്ട വിവരം നല്‍കിയിട്ടുണ്ടെന്നു നാവികസേന അറിയിച്ചു. നാവികസേനയും കോസ്റ്റ് ഗാര്‍ഡും ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.
ഡല്‍ഹിയില്‍നിന്ന് കസ്റ്റഡിയിലെടുത്ത രവി സനൂപ് രാജയുടെ അച്ഛനും അമ്മയും സഹോദരനും കുടുംബവും നാടുകടന്നവരുടെ കൂട്ടത്തിലുണ്ട്. പോകാന്‍ തയ്യാറായി ഇയാളുടെ ഭാര്യയും കുട്ടിയും എ്തതിയിരുന്നെങ്കിലും യാത്രയിലുണ്ടായേക്കാവുന്ന അപകടങ്ങള്‍ ചൂണ്ടിക്കാണിച്ച് ഭാര്യയെയും കുട്ടിയെയും പിന്തിരിപ്പിക്കുകയായിരുന്നെന്ന് രവി പോലീസിനോടു പറഞ്ഞു. ഇയാളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കിയേക്കും.