കോഴിക്കോട്: ട്രാഫിക് നിയമം ലംഘിക്കുന്നവരെ പിടിക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ പോലീസ് ഒരുങ്ങുന്നു. പോലീസ് പരിശോധനയ്ക്ക് പകരം കാമറകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായി സിറ്റിപോലീസ് കമ്മീഷണര്‍ കെ സഞ്ജയ്കുമാര്‍ ഗുരുദിന് പറഞ്ഞു. പുതിയ സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേറ്റ ശേഷം വ്യാപാരികളുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യാമറകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എന്‍ഐടി വിദ്യാര്‍ഥികളുമായി പ്രാഥമിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ട്രാഫിക് പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉടന്‍ തന്നെ കണ്ടെത്തും. പാര്‍ക്കിംഗിനായി സ്ഥലങ്ങള്‍ കണ്ടെത്തുമെന്നും അപ്രതീക്ഷിതമായി ക്രമസമാധാന പ്രശ്നങ്ങള്‍ സംഭവിക്കുമ്പോള്‍ ഗതാഗതവുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ വര്‍ധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ട്രാഫിക് പ്രശ്നങ്ങള്‍ പൊതുജനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ട്രാഫിക്ക് പരിഷ്കാരം നടപ്പിലാക്കാന്‍ ആദ്യം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടിവരും. ഇതിനായി വ്യാപാരികളും പൊതുജനങ്ങളും ഉള്‍പ്പടെ ബന്ധപ്പെട്ടവരുടെ യോഗം ഓരോ പോലീസ് സ്റ്റേഷന് പരിധിയിലും ചേരുമെന്നും പൊതുജനങ്ങള്‍ ഉയര്‍ത്തുന്ന പ്രശനങ്ങളെ കുറിച്ച് പഠനങ്ങള്‍ നടത്തി പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.