തിരുവനന്തപുരം: അമിതഫീസ് ഈടാക്കാനുള്ള മെഡിക്കല്‍ കൗണ്‍സിലിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡോക്ടര്‍മാരുടെ രജിസ്ട്രേഷന് പുതുക്കുന്നതിനായി 10,000 രൂപ അടയ്ക്കണമെന്നാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ തീരുമാനം. എന്നാല്‍ ഇത് ചട്ടവിരുദ്ധമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
മറ്റൊരു കൗണ്‍സിലും ഇത്രയും ഫീസ് ഈടാക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാത്ത ഡോക്ടര്‍മാര്‍ക്കും രജിസ്ട്രേഷന് പുതുക്കാത്തവര്‍ക്കും മാത്രമേ ഈ നിരക്ക് ബാധകമാവുകയുള്ളൂ എന്നാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ വാദം.
സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിന് വേണ്ടി സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി നല്‍കുന്നത് സി-ഡിറ്റാണന്നും ആറ് രൂപയില്‍ താഴെ മാത്രമേ ഇതിന് ചെലവ് വരുന്നുള്ളൂവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.ിതാണ് ഇപ്പോള്‍ 10,000 രൂപയ്ക്ക് വാങ്ങാന്‍ നിര്‍ബന്ധിതരാവുന്നത്. ഇത് ന്യായമല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
മറ്റുള്ള മെഡിക്കല്‍ കൗണ്‍സിലുകള്‍ 1000 രൂപയും പിഴയായി 500 രൂപയുമാണ് ഈടാക്കുന്നത്. എന്നാല്‍ ഈ തുക കാലോചിതമായി പരിഷ്കരിക്കാന്‍ മെഡിക്കല്‍ കൗണ്‍സിലുകള്‍ക്ക് അധികാരമുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഹോളോഗ്രാം പതിച്ച സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്നതിനും രജിസ്ട്രേഷന് പുതുക്കുന്നതിനും 2018 ആഗസ്റ്റ് മാസം വരെ കൗണ്‍സില്‍ സമയം അനുവദിച്ചിരുന്നു. എന്നാല്‍ ഭൂരിഭാഗം ഡോക്ടര്‍മാരും ഇതില്‍ വീഴ്ച വരുത്തുകയാണ് ഉണ്ടായത്. രജിസ്ട്രേഷന് പുതുക്കാത്ത ഡോക്ടര്‍മാരുടെ പേര് നീക്കം ചെയ്യുമെന്നും കൗണ്‍സില്‍ വ്യക്തമാക്കി.