തിരുവനന്തപുരം: തലയ്ക്കു വെളിവില്ലാത്ത കേരളത്തിന്റെ വൈദ്യുതി മന്ത്രിയെ ഭ്രാന്താശുപത്രിയില്‍ ആക്കണമെന്ന് പറഞ്ഞ് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്. കൃഷ്ണദാസിന്റെ ഈ പരാമര്‍ശം തിരുവനന്തപുരത്ത് നടന്ന എസ്ജെഡി ആര്‍എല്‍എസ്പി ലയന സമ്മേളനത്തിലായിരുന്നു.
കേരളത്തിന്റെ വൈദ്യുതിമന്ത്രി തലയ്ക്ക് വെളിവില്ലാത്തയാളാണെന്നും അയാളുടെ പേരൊന്നും താന്‍ പറയുന്നില്ലെന്നും കുതിരവട്ടത്തോ ഊളമ്പാറയിലോ കൊണ്ടുപോകേണ്ട ആളെ മന്ത്രിയാക്കിയാല്‍ സംഭവിക്കുന്നതാണ് കേരളത്തില്‍ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പ്രളയം ഉണ്ടായത് സര്‍ക്കാരിന്റെ അജ്ഞതയും അഹങ്കാരവും കൊണ്ടാണെന്നും 31 അണക്കെട്ടും ഒരേ സമയം തുറന്നുവിടാന്‍ വൈദ്യുതി മന്ത്രി പറഞ്ഞതുകൊണ്ടാണ് പ്രളയം ഉണ്ടായതെന്നും അയാള്‍ക്ക് അണക്കെട്ടെന്താണ് വെള്ളമെന്താണ് പ്രളയമെന്താണ് എന്നറിയില്ലെന്നും പികെ കൃഷ്ണദാസ് പരിഹസിച്ചു.
ഇത്രയും മനുഷ്യജീവനുകള്‍ പൊലിഞ്ഞത് അജ്ഞതയും അറിവില്ലായ്മയും കൊണ്ടാണെന്ന് പികെ കൃഷ്ണദാസ് ആരോപിച്ചു. സര്‍ക്കാര്‍ നിരവധി കുടുംബങ്ങളെ അനാഥമാക്കിയെന്നും ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗങ്ങളും കന്നുകാലികളും നഷ്ടമാക്കിയത് സര്‍ക്കാരാണെന്നും പ്രളയബാധിതര്‍ക്ക് കൊടുക്കാനിരുന്ന പതിനായിരം രൂപയുടെ കിറ്റ് വരെ മുക്കിയെന്നും പികെ കൃഷ്ണദാസ് ആരോപിച്ചു.