തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലെ സൗജന്യ വൈഫൈ ഉപയോഗിക്കാനായി ഓടിച്ചാടി പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഹാക്കര്‍മാരുടെ തന്ത്രമാകാം ഇതെന്ന് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പോലീസ് മുന്നറിയിപ്പു നല്കുന്നു.
ഇന്ന് പൊതുവെ എല്ലാ സ്ഥലങ്ങളിലും ഫ്രീ ആയി വൈഫൈ ലഭിച്ചു വരുന്നുണ്ട്. എന്നാല്‍ ഇതിന്റെ ഉറവിടം എവിടെയാണെന്നോ എത്രത്തോളം സുരക്ഷിതമാണെന്നോ എന്നൊന്നും നാം അന്വേഷിക്കാന്‍ പോകാറില്ല. ഫ്രീ ആയി കിട്ടുന്നതാണെന്ന് കരുതി കണ്ടപാടെ ചാടിക്കേറി കണക്ട് ചെയ്യുന്നവരാണ് മിക്കവരും.
എന്നാല്‍ വൈഫൈ ഫ്രീ എന്നു കണ്ട് ഉപയോഗിച്ചു തുടങ്ങിയാല്‍ നിങ്ങളുടെ ഫോണിലെയോ കംപ്യൂട്ടറിലെയോ വിവരങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യതയുണ്ട്. വൈഫൈ ദാതാവിനു അവരുടെ വൈഫൈ ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് ഉടമസ്ഥന്റെ അനുമതി കൂടാതെ കടന്നു കയറാനാകുമെന്നും പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വൈഫൈ ഫ്രീ എന്ന് കണ്ട് ചാടി വീഴുന്നതിന് മുന്‍പ് ഇതൊന്നു ശ്രദ്ധിക്കുക. ഒരു പക്ഷെ ആ സൗജന്യം ഹാക്കര്‍മാരുടെ ചൂണ്ടക്കൊളുത്താകാം. അത് കണ്ടു ഭ്രമിച്ചാല്‍ നിങ്ങളുടെ ഫോണിലെയോ കംപ്യൂട്ടറിലെയോ വിവരങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യതയുണ്ട്. വൈഫൈ ദാതാവിനു അവരുടെ വൈഫൈ ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് ഉടമസ്ഥന്റെ അനുമതി കൂടാതെ കടന്നു കയറാനാകും എന്നത് ഓര്‍ക്കുക. സൂക്ഷിക്കുക