തിരുവനന്തപുരം: ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ അയ്യപ്പഭക്ത സംഗമം ഇന്ന് നടക്കും. ആചാരസംരക്ഷണം ആവശ്യപ്പെട്ട് നടക്കുന്ന ഭക്തസംഗമത്തില്‍ രണ്ടു ലക്ഷം പേര് പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മാതാ അമൃതാനന്ദമയി അയ്യപ്പ ഭക്തസംഗമത്തില്‍ മുഖ്യാതിഥിയാകും.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഭക്തര്‍ പങ്കെടുക്കും. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആദ്ധ്യാത്മിക ആചാര്യന്മാരും സമുദായ സംഘടനാ നേതാക്കളും അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുക്കും.
വൈകിട്ട് മൂന്ന് മണിക്ക് മ്യൂസിയം, പിഎംജി എന്നിവിടങ്ങളില്‍ നിന്ന് ആരംഭിക്കുന്ന നാമജപ ഘോഷയാത്രകള്‍ പുത്തരിക്കണ്ടം മൈതാനിയിലേക്ക് പുറപ്പെടും. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നാമജപയാത്രകള്‍ കിഴക്കേകോട്ടയില്‍ ഒത്തുചേരുന്നതോടെ അയ്യപ്പ ഭക്ത സംഗമത്തിന് ഔപചാരിക തുടക്കമാകുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. കൂടാതെ സംഗമത്തിന് മുന്നോടിയായി അയ്യപ്പ നാമജപ മണ്ഡപങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒരുങ്ങിക്കഴിഞ്ഞു.