കോഴിക്കോട്: കേരളത്തില്‍ ബിജെപിക്കും ആര്‍എസ്എസ്സിനും ജീവവായു നല്‍കുന്നത് സിപിഎം ആണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ്. ബിജെപിയെ സഹായിക്കുന്നതിനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓരോ പ്രവര്‍ത്തനവും എന്നാണ് ജയറാം രമേശിന്റെ വിമര്‍ശനം.
അവര്‍ ഒരു നാണയത്തിന്റെ രണ്ട് വശമായി പ്രവര്‍ത്തിച്ച് വരികയാണെന്നും കോഴിക്കോടെത്തിയ ജയറാം രമേശ് പറഞ്ഞു. അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടുവെന്നും ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം പ്രവര്‍ത്തന രഹിതമാക്കിയെന്നും അദ്ദേഹം പറഞ്ഞു. അഴിമതി തുടര്‍ക്കഥയായെന്നും മോഡിയെ തിരിച്ചിറക്കുക എന്നതാവണം അടുത്ത ലക്ഷ്യമെന്നും അതിന് എല്ലാവരും ഒന്നിക്കണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.
അവരെ പരാജയപ്പെടുത്താന്‍ സിപിഎം ഒപ്പം നില്‍ക്കാത്തത് കേരളത്തിലെപ്പോലെ ബിജെപിയെ മറ്റ് സംസ്ഥാനങ്ങളിലും സഹായിക്കാന്‍ വേണ്ടിയാണെന്നും ഇതുമായി ബന്ധപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരിയുടെ നിലപാടിനെപ്പറ്റി ചോദിച്ചപ്പോള്‍ കേരളത്തിലെ സിപിഎം പ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തിനോടുള്ളതിനേക്കാള് ബന്ധം ദേശീയ തലത്തില്‍ കോണ്ഗ്രസുമായുണ്ടെന്ന് ജയറാം രമേശ് മറുപടി പറഞ്ഞു.
ബിജെപിക്കും പ്രധാനമന്ത്രി മോഡിക്കും റഫാല്‍ ഇടപാട് അവസാനമായി വന്ന അജിത്ത് ഡോവലിന്റെ മകന്റെ അനധികൃത സ്വത്ത് സമ്പാദന വിവാദം എന്നിവയിലൊന്നും കൃത്യമായി മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്നും അഴിമതി നടത്തിയെന്നതിന്റെ കൃത്യമായ തെളിവാണതെന്നും ജയറാം രമേശ് പറഞ്ഞു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ആദ്യ പരിഗണന കര്ഷകര്ക്കായിരിക്കുമെന്നും അവരുടെ സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്തുക എന്നതായിരിക്കും ലക്ഷ്യമെന്നും അവരാണ് ഇന്ന് പൂര്‍ണമായും തകര്‍ന്നിരിക്കുന്നതെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.