ഗുരുവായൂര്‍: ഗുരുവായൂരപ്പന് തലയില്‍ ചൂടാനായി ഭക്തരായ ദമ്പതികള്‍ സമ്മാനിച്ചത് വജ്രകിരീടം. ഈജിപ്തിലെ കെയ്റോയില്‍ ഉദ്യോഗസ്ഥനായ ഗുരുവായൂര്‍ തെക്കേനട ശ്രീനിധി ഇല്ലത്ത് ശിവകുമാറും ഭാര്യ വത്സലയുമാണ് വജ്രകിരീടം ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്.
ചെന്നൈയില്‍ നിര്‍മ്മിച്ച വജ്രകിരീടത്തിന് കാല്‍ക്കോടി രൂപയോളം വിലമതിക്കും. ഗുരുവായൂരില്‍ എത്തിയ ദമ്പതികള്‍ ഇന്നലെ പുലര്‍ച്ചെ മൂന്നിന് നിര്‍മാല്യ സമയത്താണ് കിരീടം സോപാനത്ത് കാണിക്കവെച്ചത്.
മേല്‍ശാന്തി കലിയത്ത് പരമേശ്വരന് നമ്പൂതിരി ശംഖാഭിഷേകത്തിന് ശേഷം വജ്രകിരീടം ഗുരുവായൂരപ്പന്റെ വിഗ്രഹത്തില്‍ ചാര്‍ത്തി. വജ്രങ്ങള്‍ക്ക് പുറമെ രത്നങ്ങളും മയില്‍പ്പീലിയും സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച കിരീടത്തില്‍ പിടിപ്പിച്ചിട്ടുണ്ട്.