തിരുവനന്തപുരം: ഹരിതനയം പാലിക്കുന്നതിന്റെ ഭാഗമായി റിപ്പബ്ലിക് ദിനാഘോഷത്തിന് പ്ലാസ്റ്റിക്കുപയോഗിച്ച് ദേശീയപതാക ഉണ്ടാക്കുന്നതും വില്‍ക്കുന്നതും സര്‍ക്കാര്‍ നിരോധിച്ചു. കൂടാതെ വ്യാപാരസ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് പതാക വില്‍ക്കരുതെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും പങ്കെടുക്കുമെന്നും വകുപ്പുമേധാവികള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ച് പൊതുഭരണവകുപ്പാണ് ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ മുഴുവന്‍ ജീവനക്കാരും ആഘോഷങ്ങളില്‍ പങ്കെടുക്കണം
തലസ്ഥാനത്ത് വെച്ച് നടക്കുന്ന റിപ്പബ്ളിക് ദിന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം രാവിലെ 8.30-ന് ദേശീയപതാക ഉയര്‍ത്തും. മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കും. തുടര്‍ന്ന് വിവിധ സേനാവിഭാഗങ്ങള്‍ അണിനിരക്കുന്ന പരേഡ് നടക്കും.
8.30-നോ ഒമ്പതിനകമോ ജില്ലാതലത്തില്‍ ചുമതലപ്പെട്ട മന്ത്രിമാര്‍ രാവിലെ പതാക ഉയര്‍ത്തും. പൊതുസ്ഥാപനങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ 8.30-നോ അതിനുശേഷമോ പതാക ഉയര്‍ത്താനാണ് നിര്‍ദേശം. തുടര്‍ന്ന് ദേശീയഗാനവും ആലപിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.