നിലയ്ക്കല്‍: പോലീസും അട്ടത്തോട് നിവാസികളും തമ്മില്‍ വാക്കേറ്റം. സ്വന്തം വീട്ടിലേക്ക് ഇരുചക്രവാഹനത്തില്‍ പോകണമെങ്കില്‍ പാസ് എടുക്കണമെന്നുള്ള പൊലീസ് നിര്‍ദേശത്തെ തുടര്‍ന്നാണ് തര്‍ക്കം ഉണ്ടായത്. എന്നാല്‍ തര്‍ക്കം രൂക്ഷമായതോടെ ബൈക്ക് യാത്രക്കാരെ പാസില്ലാതെ പോകാന്‍ പോലീസ് അനുവാദം നല്കി. ഇന്നലെ രാവിലെ 11.30ന് നിലയ്ക്കല്‍ ഗോപുരം പടിക്കലായിരുന്നു തര്‍ക്കം.
പോലീസ് തടഞ്ഞത് അട്ടത്തോട്ടില്‍ താമസിക്കുന്ന സുജനെയാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ നാട്ടുകാരോടു പറഞ്ഞത് ഇരുചക്രവാഹനങ്ങള്‍ തടയുന്നത് അട്ടത്തോട് നിവാസികള്‍ ആണെങ്കിലും ഗോപുരം പടികടന്ന് പോകണമെങ്കില്‍ പാസ് എടുക്കണമെന്ന് നിലയ്ക്കല്‍ സ്പെഷല്‍ ഓഫിസര്‍ നിര്ദേശിച്ചിട്ടുള്ളതിനാലാണ് എന്നാണ്.
എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലന്നും പോലീസിന് തങ്ങളെ അറസ്റ്റ് ചെയ്യാമെന്നും അട്ടത്തോടുകാര് നിലപാട് എടുത്തതോടെ പ്രശ്നം രൂക്ഷമായി. ഇതിനിടെ പോലീസുകാര്‍ നിലയ്ക്കല്‍ കണ്ട്രോള് ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ ഇരു ചക്രവാഹനങ്ങള്‍ കടത്തിവിടാന്‍ നിര്‍ദേശം ലഭിക്കുകയായിരുന്നു. സീസണിനു മുന്നോടിയായി കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ അട്ടത്തോട് നിവാസികളുടെ ബൈക്ക് യാത്രയ്ക്കു നിയന്ത്രണം ഉണ്ടാകില്ലന്നു കലക്ടര്‍ അടക്കമുള്ളവര്‍ ഉറപ്പ് നല്‍കിയിരുന്നതായി നാട്ടുകാര്‍ വ്യക്തമാക്കി.
ഒപ്പം നിലയ്ക്കല്‍ ഗോപുരം പടിക്കല്‍ ഡ്യൂട്ടി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ തീര്‍ഥാടകരോടു മോശമായി പെരുമാറുന്നതായും പരാതിയുണ്ട്. ഇന്നലെ പ്രായമായ സ്ത്രീകളെ പോലും പമ്പയിലേക്കു പോകാന്‍ അനുവദിച്ചില്ല എന്നാണ് പരാതി.