കൊച്ചി: പൊതു ശ്മശാനങ്ങളിലേക്ക് റീത്തുമായി വരുന്നത് തടയാന്‍ പുതിയ നടപടി. പാരിസ്ഥിതിക പ്രശ്നങ്ങളെ കണക്കിലെടുത്ത് റീത്തുകളെ ഒഴിവാക്കാനായി നഗരസഭയ്ക്ക് താലൂക്ക് വികസന സമിതിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ശ്മശാനങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം പിടി തോമസ് എംഎല്‍എ, കണയന്നൂര്‍ തഹസില്‍ദാര്‍ പിആര്‍ രാധിക തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിര്‍ദേശം നല്‍കിയത്.
സംഘം താലൂക്ക് വികസന സമിതിയുടെ തീരുമാനപ്രകാരമാണ് രവിപുരം, പുല്ലേപ്പടി, പച്ചാളം, ഇടപ്പള്ളി ശ്മശാനങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. വിവിധ ശ്മശാനങ്ങളില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും വികസനവും തുടങ്ങുന്നതായി അധികൃതര്‍ അറിയിച്ചു. ശ്മശാനങ്ങളുടെ കൈവശമുളള സ്ഥലം അളന്ന് തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.