കൊച്ചി: സ്കൂള്‍ യൂണിഫോമില്‍ മീന്‍ വില്പന നടത്തി ശ്രദ്ധേയയായ ഹനാന് വാഹനാപകടത്തില്‍ വീണ്ടും പരിക്കേറ്റു. കാറിന്റെ ഡോര്‍ തലയിലിടിച്ചാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നേരത്തെ വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മുതുകില്‍ ബെല്‍റ്റ് കെട്ടിയാണ് ഹനാന് മീന്‍ കച്ചവടം നടത്തുന്നത്.
കലൂരില്‍ മീന്‍ കച്ചവടം നടത്താനായി വരാപ്പുഴയില്‍ നിന്ന് മീന്‍ വാങ്ങി വാഹനത്തില്‍ കയറ്റുമ്പോഴായിരുന്നു അപകടമുണ്ടായത്. പെട്ടിയിലാക്കിയ മീന്‍ വാഹനത്തില്‍ കയറ്റിയ ശേഷം പിന്‍വശത്തെ ഡോര്‍ വലിച്ചടയ്ക്കുന്നതിനിടെ തലയുടെ പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു.
ശക്തമായ ഇടിയില്‍ തലമുറിഞ്ഞ് ചോര ഒഴുകി. വേദന കൊണ്ട് പുളയുകയായിരുന്ന ഹാനാനെ കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ സമീപത്തുളള മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും വേദനയ്ക്ക് കുറവില്ലാത്തതിനെ തുടര്‍ന്ന് ഇടപ്പളളിയിലെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മുറിവ് ഗുരുതരമല്ലെന്ന് ഡോക്ടര്‍ അറിയിച്ചു.