തൊടുപുഴ: പിജെ ജോസഫ് എംഎല്‍എ മുട്ടം വിജിലന്‍സ് ഓഫിസ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാതിരുന്നതിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു സാധാരണ കാര്യമാണ് ഒന്നിലധികം മന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ ഒരു മന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നതും ഒരാള്‍ അധ്യക്ഷത വഹിക്കുന്നതും. ഇത് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘പിജെ ജോസഫ് ഇപ്പോള്‍ എംഎല്‍എ ആണ്. ഭരണം മാറിയത് ജോസഫ് അറിഞ്ഞില്ലേ? കേരളത്തില്‍ ഇപ്പോള്‍ എല്‍ഡിഎഫ് ആണു ഭരിക്കുന്നത്. എംഎല്‍എയുടെ സുഹൃത്തുക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍ അദ്ദേഹത്തോട് ഇക്കാര്യം പറയണം. ജോസഫിന് എന്തു പറ്റി? ദീര്‍ഘകാലം എംഎല്‍എയും മന്ത്രിയുമായി പ്രവര്‍ത്തിച്ച ജോസഫ് ഇത്തരം കാര്യങ്ങളില്‍ അജ്ഞത നടിക്കുകയാണ്. ഒന്നിലേറെ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ഒരു മന്ത്രി അധ്യക്ഷനാകും. ഇതാണു പതിവ് ചട്ടം. നാടിന്റെ പുരോഗതിക്ക് ഭരണ- പ്രതിപക്ഷം ഒരുമിച്ചു നില്‍ക്കേണ്ട നേരത്ത് ഇത്തരം നിലപാടുകള്‍ ശരിയല്ല’- മുഖ്യമന്ത്രി പറഞ്ഞു.
അഴിമതിക്കെതിരെ എന്തു നിലപാടും വിജിലന്‍സിന് എടുക്കാമെന്നും എതിര്‍പ്പുള്ള ആളെ ചൂണ്ടിക്കാട്ടി പിടിപ്പിക്കുന്ന നിലപാടില്ലെന്നും വിജിലന്‍സിനെ ആരും ചോദ്യം ചെയ്യില്ലെന്നും തൊടുപുഴയ്ക്കു സമീപം മുട്ടത്ത് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം- കാസര്‍കോട് റെയില്‍പാതയ്ക്കു സമാന്തരമായി കുറഞ്ഞ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ കഴിയുന്ന പുതിയ പാതയ്ക്കു തത്വത്തില്‍ അംഗീകാരമായതായി തൊടുപുഴയില്‍ എല്‍ഡിഎഫ് പൊതുസമ്മേളനത്തില്‍ പിണറായി കൂട്ടിച്ചേര്‍ത്തു.