ശബരിമല: ഒട്ടേറെ ആചാര ലംഘനങ്ങള്‍ ശബരിമലയില്‍ ഉണ്ടായിട്ടുണ്ടെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. തേനഭിഷേകം നടത്തിയിരുന്നത് അരയ സമുദായമാണ് എന്നാണ് സംസാരം. അതു മാറി. അയ്യപ്പന്മാര് മല ചവിട്ടിയിരുന്നത് ഭസ്മക്കുളത്തില്‍ മുങ്ങിക്കുളിച്ചാണ്. ആ ഭസ്മക്കുളം മൂടി. പതിനെട്ടാം പടി പഞ്ചലോഹം കൊണ്ടു മൂടി. കാനന ക്ഷേത്രമായ ശബരിമലയില്‍ ഇത്രയധികം കെട്ടിടങ്ങള്‍ എങ്ങനെയുണ്ടായി. ഇങ്ങനെ സംഭവങ്ങളുണ്ട്. ആചാരം ഏത്, ആചാര വിരുദ്ധം ഏത് എന്നീക്കാര്യത്തില് ചര്‍ച്ച വേണം, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.
ബോര്‍ഡിന്റെ നിലപാടില്‍ മാറ്റമില്ലെന്നും ബോര്‍ഡ് എവിടെയും യുവതികളെ പ്രവേശിപ്പിക്കണമെന്നു പറഞ്ഞിട്ടില്ലെന്നും ആചാര അനുഷ്ഠാനങ്ങള്‍ക്ക് ഒപ്പമാണ് ബോര്‍ഡ് എന്നും പത്മകുമാര്‍ പറഞ്ഞു. തന്നെ കോണ്‍ഗ്രസിലേക്കു ക്ഷണിച്ച കെ മുരളീധരന് കോണ്‍ഗ്രസില്‍ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പാക്കണമെന്നും രാമന് നായരെ പോലും നേരെ നോക്കാന്‍ സാധിക്കാത്ത പാര്‍ട്ടിയാണതെന്നും മുന്നണിയും പാര്‍ട്ടിയും മാറി മാറിപ്പോകുന്നവര്‍ക്ക് തന്റെ നിലപാട് മനസിലാകില്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി.
ഒപ്പം പമ്പ നിലയ്ക്കല്‍ റൂട്ടില്‍ തീര്‍ഥാടകര്‍ക്കു സൗജന്യ സര്‍വീസ് ഒരുക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ശ്രമം തിരുപ്പതി മോഡല്‍ സര്‍വീസിനാണു. ഗതാഗത സെക്രട്ടറി അടക്കമുള്ളവരുടെ പരിഗണനയിലേക്ക് ഈ നിര്‍ദേശം വിടുകയാണെന്നും സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ ബസുകള്‍ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും കെഎസ്ആര്‍ടിസിയുടെ നഷ്ടത്തെക്കുറിച്ചല്ല ഭക്തരുടെ ലാഭത്തെക്കുറിച്ചാണു ചിന്തയെന്നും പത്മകുമാര്‍ പറഞ്ഞു.