തിരുവനന്തപുരം: വീണ്ടും മാറ്റങ്ങളുമായി പിഎസ് സി. ചോദ്യബാങ്കും മൂല്യനിര്‍ണ്ണയ കേന്ദ്രവും ആരംഭിക്കാന്‍ ഒരുങ്ങുകയാണ് കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷന്. നിലവില്‍ നടത്തി വരുന്നത് യൂണിവേഴ്സിറ്റി അധ്യാപകരടങ്ങിയ വിദഗ്ധ സമിതി നല്കുന്ന നാലു സെറ്റ് ചോദ്യത്തില്‍ നിന്നും നറുക്കിട്ട് എടുക്കുന്ന ഒരെണ്ണം പൊട്ടിച്ചു നോക്കാതെ ഗ്രാന്ഡിംഗിന് നല്കുന്ന രീതിയാണ്. ഇത് പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
ഓരോ പരീക്ഷയ്ക്കും ഒരുലക്ഷം വീതം ചോദ്യങ്ങളുള്‍പ്പെടുത്തിയ വന്‍ ശേഖരമാണ് തയ്യാറാക്കാന്‍ ആലോചിക്കുന്നത്. ഇതില്‍നിന്നും കമ്പ്യൂട്ടര്‍ വഴി തെരഞ്ഞെടുക്കുന്നവ അടങ്ങിയതാകും ചോദ്യാവലി. ലക്ഷം ചോദ്യങ്ങള്‍ മുന്‍കൂട്ടി പ്രസിദ്ധീകരിച്ചാലും തെറ്റില്ലെന്നും ലക്ഷം ചോദ്യത്തിനും ഉത്തരം കാണാതെ പഠിച്ചു വരുന്ന മിടുക്ക് സമ്മതിക്കാമെന്നും പിഎസ് സിയ്ക്ക് നിലപാടുണ്ട്. കൂടാതെ കേന്ദ്രീകൃത മൂല്യനിര്‍ണയ കേന്ദ്രം തുടങ്ങാനും ആലോചിക്കുന്നുണ്ട്.