കൊച്ചി: 2011-ല്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാകും മുന്‍പ് 209 തടവുകാരെ മോചിപ്പിച്ച ഇടത് സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. ഉത്തരവ് ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റേതാണ്. അന്ന് സര്‍ക്കാര്‍ വിട്ടയച്ചത് 10 വര്‍ഷം ശിക്ഷ അനുഭവിച്ചവരെയാണ്. ഈ നടപടി റദ്ദാക്കിയതോടെ 14 വര്‍ഷം ശിക്ഷ അനുഭവിക്കാതെ പുറത്തുപോയവര്‍ ബാക്കി ശിക്ഷാ കാലയളവ് കൂടി ജയിലില്‍ കഴിയേണ്ടി വരും.
ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുള്ളത് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഗവര്‍ണര്‍ പുനഃപരിശോധിക്കണമെന്നും ആറു മാസത്തിനകം വിശദാംശങ്ങള്‍ നല്‍കണമെന്നുമാണ്. വിഷയം ഹൈക്കോടതിയില്‍ എത്തിയത് ഈയിടെ 36 തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ മടക്കിയതിനു പിന്നാലെയാണ്. സര്‍ക്കാരിന് ഇതിന് അധികാരമുണ്ടെന്നും 2011 ഫെബ്രുവരി രണ്ടിന് അന്നത്തെ സര്‍ക്കാര്‍ ഇത്തരത്തില്‍ തടവുകാരെ മോചിപ്പിച്ചിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറല്‍ സിപി സുധാകരപ്രസാദ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
അന്നു വിട്ടയച്ചത് 10 വര്‍ഷത്തെ ശിക്ഷ പൂര്ത്തിയാക്കിയവരെയാണെന്ന് പട്ടിക സഹിതം അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ 14 വര്‍ഷത്തെ ശിക്ഷ അനുഭവിക്കേണ്ടവര്‍ ഇതില്‍ എത്ര പേരുണ്ടെന്ന് അറിയിക്കാന്‍ ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഈ കണക്കു വെളിപ്പെട്ടത് തുടര്‍ന്നുള്ള പരിശോധനയിലാണ്.