കോഴിക്കോട്: സര്‍ക്കാര്‍ നയം പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണെന്നും മറിച്ച് വെടിവെപ്പ് നടത്തി ആളെകൊല്ലലല്ലെന്നും വ്യവസായ മന്ത്രി ഇപി ജയരാജന് പറഞ്ഞു. ആര്‍എസ്എസ് പള്ളികളെ ഉപയോഗപ്പെടുത്തി രാജ്യത്ത് കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും പാര്‍ലമെന്റ് സംവിധാനങ്ങളെ അടക്കം ഇതിനായി ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പോലീസ് ശബരിമല വിഷയത്തില്‍ ജാഗ്രതയോട് കൂടി ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുന്നുണ്ടെന്നും നാട്ടില്‍ സമാധാനം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും പാര്‍ലമെന്റില്‍ ബിജെപി ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന രീതിയിലുളള നിലപാട് പോലും ഇല്ലാതെ തറ നിലപാടാണ് സ്വീകരിക്കുന്നതെന്നും കേരളത്തിന്റെ യഥാര്‍ഥ സംഭവവികാസങ്ങള്‍ ഒരു ബിജെപി എംപിയും പാര്‍ലമെന്റില്‍ പറഞ്ഞിട്ടില്ലെന്നും ഇപി ജയരാജന് വ്യക്തമാക്കി.
ആര്‍എസ്എസ്-ബിജെപി സംഘങ്ങളാണ് ഇവിടെ അക്രമം നടത്തി ആളുകളെ തല്ലികൊല്ലുകയും കുത്തിക്കൊല്ലുകയും ചെയ്യുന്നത്. അതിനെതിരെ പോലീസ് നടപടി സ്വീകരിക്കുന്നു. ഇതില്‍ സഹികെട്ടാണ് ഒരു ബിജെപി എംപി കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമൊന്നൊക്കെ പറയുന്നത്. രാജ്യത്ത് ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ക്കുന്നത് ആര്‍എസ്എസ് സംഘപരിവാര്‍ സംഘടനകളാണ്. ആദ്യം നിരോധിക്കേണ്ടത് ആര്‍എസ്എസിനേയും സംഘപരിവാറിനേയുമാണെന്നും ഇപി ജയരാജന് കൂട്ടിച്ചേര്‍ത്തു.
സ്വന്തം വീടാണ് ഒരാള്‍ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്നത്. അവയ്ക്കെതിരേ അക്രമം നടത്തുന്നവരെ രാഷ്ട്രീയം നോക്കാതെ നേരിടണം. വീടുകള്‍ക്ക് സംരക്ഷണം നല്കാന് സിപിഎം പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും മന്ത്രി വ്യക്തമാക്കി.