തിരുവനന്തപുരം: മന്ത്രി ഇപി ജയരാജന് പേരാമ്പ്രയിലെ മുസ്ലീം പള്ളിക്ക് നേരെയുണ്ടായ കല്ലേറില്‍ പോലീസ് തയ്യാറാക്കിയ എഫ്ഐആറിനെതിരെ രംഗത്തെത്തി. പേരാമ്പ്രയിലെ പള്ളി ഒരു കാരണവശാലും അക്രമിക്കപ്പെടാന്‍ പാടില്ലെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇപി ജയരാജന് പറഞ്ഞു.
അവിടെ പള്ളിക്ക് നേരെ കല്ലെറിഞ്ഞത് ആര്‍എസ്എസുകാരാണ്. ശരിയായ നിരീക്ഷണം അവിടെ നടന്നിട്ടില്ലെന്നും ചില ആര്‍എസ്എസുകാരുടെ പ്രേരണകള്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇപി ജയരാജന് പറഞ്ഞു. ആര്‍എസ്എസിന്റെ ക്യാമ്പുമായി ബന്ധമുള്ള ചില പോലീസ് ഓഫീസര്‍മാര്‍ അവിടെയുണ്ടെന്നും സംഭവം ബോധപൂര്‍വം തെറ്റായി വഴിതിരിച്ചുവിടാന്‍ ശ്രമം നടന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ ഇത് ഗൗരവത്തിലെടുക്കുമെന്നും ഇപി ജയരാജന് കൂട്ടിച്ചേര്‍ത്തു.
താന്‍ മനസ്സിലാക്കുന്നത് സാധാരണഗതിയില്‍ സംഭവിക്കാത്തൊരു കാര്യം എഴുതി ചേര്‍ത്ത് എഫ്ഐആര്‍ നല്കിയിട്ടുണ്ടെന്നാണെന്നും അത് ഒരു ആലോചനയുടെ ഭാഗമായിട്ട് വന്നതാണെന്നും ഇത് പരിശോധിക്കുമെന്നും ഇ പി ജയരാജന് പറഞ്ഞു.