തൊടുപുഴ: ഇടുക്കിയില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വീണ്ടും ചര്‍ച്ചയാകുന്നു. തെരഞ്ഞെടുപ്പില്‍ ഇസ്എ ഇളവുകള്‍ സ്വന്തം നേട്ടമായി യുഡിഎഫ് ഉയര്‍ത്തിക്കാണിക്കുമ്പോള്‍ ഭേദഗതി തന്റെ നേട്ടമെന്നു വാദിച്ച് ജോയ്സ് ജോര്‍ജ് എംപിയും രംഗത്തെത്തിയിട്ടുണ്ട്. ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥികളായി ഉയര്‍ന്നു കേള്‍ക്കുന്നത് യുവ നേതൃനിര മുതല്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വരെ നീളുന്ന പേരുകളാണ്.
ഉറച്ച കോട്ടയായ ഇടുക്കിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അടിതെറ്റിച്ചത് കസ്തൂരിരംഗന്‍ വിഷയത്തിലെ മലയോര മേഖലയുടെ രോഷമാണ്. കര്‍ഷകരക്ഷാ റിപ്പോര്‍ട്ട് നല്കി ഇഎസ്എ നിയന്ത്രണങ്ങള്‍ നീക്കിയത് ഉമ്മന്‍ ചാണ്ടിയുടെ നേട്ടമായി ഉയര്‍ത്തിക്കാണിച്ച് അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് യുഡിഎഫ് ഒരുങ്ങുന്നത്. പാര്‍ട്ടി അനുവദിച്ചാല്‍ മല്‍സരത്തിനു തയാറാണെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കിയിട്ടുണ്ട്.
കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും ഇടുക്കി സീറ്റ് ചോദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രഫഷനല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ മാത്യു കുഴല്നാടന് കസ്തൂരിരംഗന്‍ വിഷയത്തിലെ സംവാദങ്ങളിലൂടെ യുഡിഎഫ് നേട്ടങ്ങള്‍ വോട്ടുകളാക്കിമാറ്റാന് കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്.
എന്നാല്‍ ഇടതുപക്ഷം ഇടുക്കി കൈവിടാതിരിക്കാന്‍ ജോയിസ് ജോര്‍ജിനെ തന്നെ ഉപയോഗിക്കുമെന്നാണു സൂചന. ഭരണ നേട്ടങ്ങള്‍ തെരഞ്ഞെടുപ്പില്‍ അനുകൂകൂല ഘടകമാകുമെന്നാണ് ഇടതുപക്ഷത്തിന്റെ കാഴ്ചപ്പാട്.