ചങ്ങനാശേരി: സര്‍ക്കാരിന്റെ ഭാഗത്തുനിന്നു നടക്കുന്നത് നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് ശബരിമലയിലെ യുവതീപ്രവേശത്തിലൂടെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുള്ള ആസൂത്രിത ശ്രമമാണ് എന്ന് എന്‍എസ്എസ്. ഇതിന്റെ പേരില്‍ നടക്കുന്ന കലാപങ്ങള്‍ക്കെല്ലാം കാരണം സംസ്ഥാന സര്‍ക്കാരാണ്. സമാധാനമായി പരിഹരിക്കാവുന്ന ഈ പ്രശ്നം സങ്കീര്‍ണമാക്കിയതും സര്‍ക്കാരാണെന്നും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ആരോപിച്ചു.
പാര്‍ട്ടി നയം നടപ്പാക്കാനാണ് ജനങ്ങള്‍ നല്കിയ അധികാരം കയ്യില്‍ വച്ചുകൊണ്ട് ശ്രമ്ക്കിന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഹൈന്ദവ ആചാര്യമാരെയും വിശ്വാസികളെയും വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണിപ്പോള്‍ സര്‍ക്കാര്‍ എന്നും ശബരിമലയിലെ നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിച്ച് ഈശ്വരവിശ്വാസം നിലനിര്‍ത്തേണ്ടതു ബഹുഭൂരിപക്ഷം വിശ്വാസികളുടെയും ആവശ്യമാണെന്നും അതു സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
ശബരിമല വിഷയം എല്ലാ മത- സമുദായിക വിഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. സര്‍ക്കാര്‍ ചെയ്തില്ലെങ്കില്‍, അതു സംരക്ഷിക്കാന്‍ വിശ്വാസികള്‍ രംഗത്തു വരുന്നതില്‍ തെറ്റുപറയാനാകില്ല. അതിനു രാഷ്ട്രീയ നിറം കൊടുത്തു പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതു ശരിയല്ല. അവിടുത്തെ വിശ്വാസം തകര്‍ക്കാന്‍ ആരെയും അനുവദിക്കാന്‍ പാടില്ലെന്നും എല്ലാ മതവിശ്വാസികളും ബന്ധപ്പെട്ട സംഘടനകളും വിശ്വാസ ലംഘനത്തിനെതിരെ സമാധാനപരമായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചെന്നും ജി സുകുമാരന്‍ നായര്‍ പ്രസ്താവിച്ചു.