തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലില്‍ വ്യാപകമായ അക്രമങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഹര്‍ത്താലിനിടെ ഉണ്ടായ സംഘര്‍ഷം മുന്‍കൂട്ടി കാണുന്നതില്‍ പോലീസിന് വീഴ്ചപറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പോലീസ് എല്ലാം മുന്‍കൂട്ടി കാണുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇപ്പോള്‍ നടക്കുന്നത് നാടിന്റെ സമാധാനം തകര്‍ത്ത് പുതിയ രീതിയിലേക്ക് മാറ്റാനുള്ള ശ്രമമാണെന്നും അത് ഒരു കാരണവശാലം അനുവദിക്കില്ലെന്നും അതിനെ ശക്തമായി നേരിടുമെന്നും പിണറായി പറഞ്ഞു. ജനങ്ങളില്‍ ഭീതി പരത്താനും നാടിനെ ഭയത്തിന്റെ നിഴലില്‍ നിര്‍ത്താനും ആര്‍എസ്എസ്സിനെ അനുവദിക്കില്ലെന്നും എല്ലാ സുരക്ഷയും സര്‍ക്കാര്‍ ഒരുക്കുമെന്നും ജനപ്രതിനിധികളെ അടക്കം ആക്രമിക്കുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അക്രമം ഒരു കൂട്ടരുടെ മാത്രം രീതിയാണെന്നും ആര്‍എസ്എസ് ഒഴികെയുള്ളവര്‍ സമാധാനം പാലിക്കുന്നതില്‍ ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷം പോലീസ് നേരിട്ട രീതിയില്‍ ഡിജിപി അതൃപ്തി രേഖപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്നാലെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ 3178 പേരാണ് ഇതുവരെ അറസ്റ്റിലായത്. ആകെ 1286 കേസുകളിലായി 37979 പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. അറസ്റ്റിലായവരില്‍ 487 പേരെ റിമാന്‍ഡ് ചെയ്യുകയും 2691 പേര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു.