തിരുവനന്തപുരം: അമിത് ഷാ ഉള്‍പ്പടെയുള്ള നേതാക്കള്‍ ശബരിമല സമരം ശക്തമാക്കാനായി കേരളത്തിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിപിഎമ്മിന്റെ ജനപിന്തുണ അമിത് ഷാ വരുന്നതിനനുസരിച്ച് കൂടുകയും ബി.ജെപി തകരുകയും ചെയ്യും എന്നാണ് കോടിയേരി പറയുന്നത്. അമിത് ഷാ പ്രചരണം നടത്തിയ എല്ലായിടത്തും ബിജെപി തോറ്റുവെന്നും ഉത്തരേന്ത്യയില്‍ പോലും അമിത് ഷായുടെ പരിപ്പ് വേകുന്നില്ലെന്നും ഇവിടെ കുലുക്കാനുള്ള തടിയൊന്നും അമിത് ഷായ്ക്ക് ഇല്ലെന്നും കോടിയേരി പരിഹസിച്ചു.
ആര്‍എസ്എസ് സംസ്ഥാനത്ത് നടത്തുന്നത് വലിയ ആക്രമണങ്ങളാണ്. സിപിഎം-ബിജെപി ആക്രമണം എന്ന തോന്നല്‍ ഉണ്ടാക്കി യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം. സിപിഎം പ്രവര്‍ത്തകര്‍ മുന്‍കൈ എടുത്ത് അക്രമങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഇക്കാര്യം ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആര്‍എസ്എസ് നിയന്ത്രിക്കുന്ന ക്ഷേത്രങ്ങളും സ്കൂളുകളും ആയുധപ്പുരകളായി മാറുകയാണെന്നും കോടിയേരി പറഞ്ഞു.
ആര്‍എസ്എസിന് മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് കീഴടങ്ങിയത് പോലെ കേരളത്തില്‍ സിപിഎം കീഴടങ്ങില്ല. സിപിഎം പ്രവര്‍ത്തകര്‍ അക്രമത്തിന്റെ ഭാഗമാവുന്നുണ്ടെങ്കില്‍ അതില്‍ നിന്ന് പിന്തിരിയണം. അക്രമം ആര്‍ക്കും നല്ലതല്ല. പോലീസിന് ഈ വിഷയത്തില്‍ പരിമിതികളുണ്ട്. ശുദ്ധിക്രിയ ഒരു മണിക്കൂര്‍ കൊണ്ട് ചെയ്യാന്‍ കഴിയില്ലെന്നാണ് ഇതിനെ കുറിച്ച് പാണ്ഡിത്യം ഉള്ളവര്‍ പറയുന്നത്. ഇക്കാര്യം അവര്‍ക്ക് വിട്ടുനല്‍കുന്നു. തനിക്ക് അതിനെ കുറിച്ച ധാരണയില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസ് ആണ് സമാധാന ചര്‍ച്ചകളുടെ തീരുമാനം ലംഘിച്ചത്. അതിനെ തുടര്‍ന്ന് പ്രശ്നങ്ങള്‍ ഉണ്ടായി. ഇനി അത്തരം പ്രശ്നങ്ങള്‍ ഉണ്ടാവരുത് എന്ന് പരസ്യമായി അഭ്യര്‍ത്ഥിക്കുകയാണ്. വനിതാ മതിലും ശബരിമലയിലെ വനിത പ്രവേശനവും തമ്മില്‍ ബന്ധമില്ല. ഇന്നത്തെ കാലത്തെ നവോത്ഥാനം സ്ത്രീ പുരുഷ സമത്വവുമായി ബന്ധപ്പെട്ടതാണ്. സ്ത്രീകളെ കയറ്റില്ലെന്ന് ഒരു മന്ത്രിയും പറഞ്ഞിട്ടില്ല. ശബരിമലയില്‍ കയറിയ സ്ത്രീകള്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.