കൊച്ചി: 400ല്‍ പരം ഉദ്യോഗാര്‍ഥികളില്‍ നിന്ന് 10 കോടി രൂപ കേരളത്തിലും മറ്റുസംസ്ഥാനങ്ങളിലും ഓഫിസുകള്‍ തുറന്നു വിസ തട്ടിപ്പു നടത്തി മുങ്ങിയ സംഘത്തെ പോലീസ് പിടികൂടി. പണം തട്ടിയെടുത്തെന്ന പരാതിയെ തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കലൂര്‍ ദേശാഭിമാനി ജങ്ഷനിലും ബെംഗളൂരു എംജി റോഡിലും കോയമ്പത്തൂര്‍ പീളമേടിലും ഓവര്‍സീസ് എജ്യുക്കേഷന്‍ പ്ലേസ്മെന്റ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ സ്ഥാപനം നടത്തിയായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്.
പള്ളുരുത്തി സ്വദേശി എബിന് എബ്രഹാം, പട്ടിമറ്റം സ്വദേശി മിഞ്ചിന് ജോണ്‍ തുടങ്ങി ആറുപേരില്‍ നിന്നും 13 ലക്ഷം രൂപ വാങ്ങി ചതിച്ചെന്നാണു കേസ്. കേസില്‍ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ കോഴിക്കോട് തത്തമംഗലം സ്വദേശി അരുണ്‍ദാസ് (28), ഡയറക്ടര്‍ പാലക്കാട് മങ്കര സ്വദേശിനി ചിത്ര സി നായര്‍ (26), സിഇഒ കോയമ്പത്തൂര്‍ വളവടി സ്വദേശി ശാസ്തകുമാര്‍ (46) മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് കണ്ണൂര്‍ മട്ടന്നൂര്‍ എളമ്പാല സ്വദേശി വിഷ്ണു (24) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
വിസ പണം വാങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും കിട്ടാതിരുന്നതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ ദേശാഭിമാനി ജങ്ഷനിലെ ഓഫിസില്‍ എത്തിയെങ്കിലും പൂട്ടി കിടക്കുകയായിരുന്നു. ഇതേ തുടര്‍ന്നു കോയമ്പത്തൂര്‍ ഉള്ള കോര്‍പറേറ്റ് ഓഫീസില്‍ എത്തി പണം ആവശ്യപ്പെട്ടപ്പോള്‍ മൂന്നു മാസത്തിനുള്ളില്‍ എല്ലാവരുടെയും പണം തിരികെ നല്‍കാം എന്ന് കരാര്‍ ഒപ്പിട്ടു നല്കി തിരിച്ചയച്ചു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പണം കിട്ടാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ വീണ്ടും എത്തി. ഇവര്‍ ഓഫിസില്‍ പ്രവേശിക്കാതിരിക്കാന്‍ കോടതിയില്‍ നിന്ന് ഉത്തരവ് വാങ്ങി സംഘം ഭീഷണിപ്പെടുത്തി.
കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ വിഷ്ണു വീട്ടില്‍ എത്തിയ വിവരം അറിഞ്ഞ് മട്ടന്നൂര്‍ പോലീസിന്റെ സഹായം തേടി. വിഷ്ണുവിനെയും പിന്നീട് കോയമ്പത്തൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അരുണ്‍ദാസിനെയും ചിത്രയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അവരുടെ താമസസ്ഥലത്തിനു സമീപം രാത്രി മുഴുവന്‍ വേഷം മാറി നിന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.