തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്ത്. നിരോധിച്ചിട്ടും കേരളത്തിലേക്ക് വലിയ അളവില്‍ മയക്ക് മരുന്ന് ഒഴുകുകയാണ്. മയക്കുമരുന്ന് കടത്തുകാരുടെ ഇഷ്ട കേന്ദ്രമായി കേരളത്തില്‍ കൊച്ചി മാറുന്നതായിട്ടാണ് സമീപകാലത്തെ സംഭവങ്ങള്‍ വ്യക്തമാകുന്നതെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു.
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം പിടികൂടിയത് 800 കോടിയുടെ ലഹരിവസ്തുക്കളാണ്. പുകയില ഉല്പന്നങ്ങള് മാത്രം 1000 ടണ്‍ പിടികൂടിയെന്നും എക്സൈസ് വകുപ്പ് വ്യക്തമാക്കി. 2014ല്‍ ലഹരിയുമായി ബന്ധപ്പെട്ട് 900 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 2018 ആയപ്പോഴേക്കും ഇത് 7700 കേസുകളായി ഉയര്‍ന്നു.
കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്ത് ലഹരി മരുന്നുമായി ബന്ധപ്പെട്ട് 7802 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 1900 കിലോ കഞ്ചാവാണ് പിടികൂടിയത്. 2200 കഞ്ചാവ് ചെടികള്‍, 65 കിലോ ഹാഷിഷ് ഓയില്‍, 32 കിലോ എംഡിഎംഎ എന്നിവയും പിടിച്ചു. ഇതു കൂടാതെ ബ്രൗണ്‍ഷുഗര്‍, ഹെറോയിന്‍, എല്‍എസ്ഡി, ചരസ്, ഒപിയം അടക്കമുള്ള ലഹരി വസ്തുക്കളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.