തിരുവനന്തപുരം: തന്റെ വ്യക്തിപരമായ ഇമേജിനെക്കുറിച്ചു ചിന്തിക്കുന്നില്ലെന്നും സംസ്ഥാനത്തിന്റെ ബഹുമുഖമായ വികസനമാണു പരമപ്രധാനമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ സാഹസികതയോടെ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള എല്ലാ കുപ്രചാരണങ്ങളെയും നേരിടും. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദപരിപാടിയായ ‘നാം മുന്നോട്ടി’ല്‍ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനം എന്ന ചര്‍ച്ചയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇപ്പോള്‍ ഇവിടെ എല്ലാം സാധ്യമാണ് എന്ന് ഇവിടെ ഒന്നും നടക്കില്ലെന്നു പറഞ്ഞവര്‍ പോലും അദ്ഭുതപ്പെടുന്ന സാഹചര്യമാണുള്ളത്. ദേശീയപാതാ വികസനത്തിന്റെ പുരോഗതിയും ഗെയ്ല് പൈപ് ലൈന്‍ നിര്‍മ്മാണം പൂര്‍ത്തിയായതുമെല്ലാം ഇതാണ് സൂചിപ്പിക്കുന്നത്. ധാരാളം എതിര്‍പ്പുകളും പ്രക്ഷോഭങ്ങളും കൂടംകുളത്തു നിന്നുള്ള വൈദ്യുതി ലൈനുകള്ക്കാവശ്യമായ പവര്‍ ഗ്രിഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടും ഉണ്ടായി. എന്നാല്‍ നാടിന്റെ നന്മയെക്കരുതി ജനങ്ങളുടെ വിശ്വാസമാര്‍ജിക്കുകയും പദ്ധതിയുമായി മുന്നോട്ടുപോകുകയുമാണു സര്‍ക്കാര്‍ ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ നാട്ടില്‍ മാറ്റങ്ങള്‍ സാധ്യമാണ് എന്നതിന്റെ സൂചനകളാണ് അഴുക്കുചാലായിക്കിടന്ന പാര്‍വതീപുത്തനാറിന്റെ ഇന്നത്തെ അവസ്ഥയും നല്‍കുന്നത്. എതിര്‍ക്കുന്നവര്‍ക്ക് ചില ന്യായങ്ങളുണ്ടാകുമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പറ്റില്ലെന്നും പദ്ധതി നടപ്പാകണം എന്ന നടപടി സ്വീകരിച്ചപ്പോള്‍ ജനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂര്‍ വിമാനത്താവളപരിസരത്ത് 5000 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുമെന്നും അവിടെ വന്‍കിട പദ്ധതികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.