തിരുവനന്തപുരം: രാവിലെ കൊടും തണുപ്പ് ഉച്ചയ്ക്ക് കടുത്ത ചൂട്. അപൂര്‍വ്വമായ കാലാവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് കേരളം ഇപ്പോള്‍. പതിവില്‍ നിന്നും വിപരീതമായി ഏറെ തണുപ്പുമായാണ് ജനുവരിയെത്തിയത്. കുറഞ്ഞ താപനില ശരാശരിയില്‍ നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞു. വരുന്ന ഏതാനും ദിവസം കൂടി ശക്തമായ തണുപ്പുണ്ടാകുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറഞ്ഞു.
രാവിലെയും രാത്രിയും തണുത്ത് വിറക്കുമ്പോള്‍ ഈര്‍പ്പക്കുറവ് മൂലം ഉച്ചസമയത്ത് കടുത്ത ചൂടും അനുഭവപ്പെടുന്നു. ഈര്‍പ്പം ശരാശരിയില്‍ നിന്ന് 19 ശതമാനം വരെ കുറഞ്ഞു. ഉത്തരധ്രുവത്തില്‍ നിന്നുള്ള ശൈത്യതരംഗമാണ് തണുപ്പുകൂടാന്‍ കാരണമെന്നാണ് കാലാവസ്ഥവിദഗ്ദരുടെ അഭിപ്രായം. ഇത് ഇന്ത്യ ഉള്‍പ്പടെയുള്ള മേഖലയിലേക്ക് കടന്നതാണ് രാജ്യവ്യാപകമായി തണുപ്പ് കൂടാന്‍ ഇടയാക്കിയത്.
കോട്ടയത്താണ് ഇത്തവണ താപനില ശരാശരിയില്‍ നിന്ന് ഏറ്റവും അധികം കുറഞ്ഞത്. 4.5 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് കുറവ്. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ മൂന്ന് ഡിഗ്രി വരെയും ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ രണ്ട് ഡിഗ്രിവരെയും കുറഞ്ഞു.