കൊച്ചി: ദര്‍ശനത്തിനായി ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് പ്രത്യേക പോലീസ് സുരക്ഷ ഒരുക്കുന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി നിരീക്ഷക സമിതി. ശബരിമലയിലെത്തുന്ന ഒന്നോ രണ്ടോ വ്യക്തികള്‍ക്കായി പ്രത്യേക സുരക്ഷ ഒരുക്കുന്നത് മറ്റു തീര്‍ത്ഥാടകരെ കാര്യമായി ബാധിക്കുന്നതായി ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ സമിതി വ്യക്തമാക്കി.
പ്രോട്ടോക്കോള്‍ പ്രകാരം പ്രത്യേക സുരക്ഷ ഒരുക്കേണ്ടവര്ക്കു മാത്രമായി ഇതു ചുരുക്കണമെന്ന് നിരീക്ഷണ സമിതി ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് പേര് ദര്‍ശനത്തിനായി എത്തുന്ന ദിവസങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമായി പ്രത്യേക സുരക്ഷ ഒരുക്കുന്നത് മറ്റുള്ള തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ചില കേന്ദ്രങ്ങള്‍ നിരീക്ഷക സമിതിയെ നിരന്തരം വിമര്‍ശിക്കുന്നതായി സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രമസമാധാനം പോലീസിന്റെ ഉത്തരവാദിത്വമാണ്. യുവതികളെ സന്നിധാനത്ത് എത്തിക്കുന്ന കാര്യത്തില്‍ സമിതിയുടെ അഭിപ്രായം ചോദിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ നിരീക്ഷക സമിതി ചൂണ്ടിക്കാട്ടുന്നു.