തിരുവനന്തപുരം: എന്‍എസ്എസ് പറയുന്ന നവോത്ഥാന പാരമ്പര്യത്തെ അംഗീകരിക്കുന്നുവെന്നും എന്നാല്‍ സംഘപരിവാര്‍ ദുഷ്ടശക്തികള്ക്കൊപ്പം എന്‍എസ്എസ് പോകുന്നതു നിര്‍ഭാഗ്യകരമാണെന്നും ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന് പറഞ്ഞു. ഹിന്ദുമഹാമണ്ഡലം മതനിരപേക്ഷ മൂല്യത്തെ ഉയര്‍ത്തിപ്പിടിച്ചിരുന്നില്ലെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസ് ആദ്യം ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച വിധിയെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വിധിയെ തള്ളിപ്പറഞ്ഞു ജനങ്ങള്‍ക്കിടയില്‍ നഞ്ച് കലക്കുന്നതു ദുഷ്ടലാക്കോടെയാണെന്നും വിഎസ് ആരോപിച്ചു. ബി രാജീവന് രചിച്ച ‘പ്രളയാനന്തര മാനവികത ശബരിമലയുടെ പശ്ചാത്തലത്തില്‍’ എന്ന പുസ്തകം ജെ ദേവികയ്ക്കു നല്കി പ്രകാശനം ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ ഈ അഭിപ്രായ പ്രകടനം.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ശബരിമല യുവതീപ്രവേശം സംബന്ധിച്ചു ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് ബുധനാഴ്ച പറഞ്ഞിരുന്നു. യുവതികള്‍ കയറിയതു മൂലം നിയമയുദ്ധം നിര്‍ത്തില്ലെന്നും 22നു വിധി എതിരായാല്‍ ഓര്‍ഡിനന്‍സ് മാത്രമാണ് അടുത്ത വഴിയെന്നും ശബരിമല നട അടച്ചതിനു തന്ത്രിക്കു നന്ദി അറിയിക്കുന്നതായും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.