മലപ്പുറം: കനകദുര്‍ഗയുടെ സഹോദരന് ഭരത്ഭൂഷണ് ശബരിമല യുവതീപ്രവേശത്തില്‍ ഗൂഢാലോചനയുണ്ടെന്ന ഗുരുതര ആരോപണവുമായി രംഗത്ത്. ഇതിനു പിന്നില്‍ സിപിഎമ്മും കോട്ടയം എസ്പി ഹരിശങ്കറുമാണ് എന്നും ഭരത് ഭൂഷണ് ആരോപിച്ചു. കണ്ണൂരിലാണ് കനകദുര്‍ഗയെ ഒളിപ്പിച്ചത്. സിപിഎം നേതാക്കള്‍ പലവട്ടം വിളിച്ചു സംസാരിച്ചിരുന്നുവെന്നും ഇതിന്റെ ശബ്ദരേഖ കൈവശമുണ്ടെന്നും ആവശ്യമെങ്കില്‍ കോടതിയില്‍ ഹാജരാക്കുമെന്നും സഹോദരന് മാധ്യമങ്ങളോട് പറഞ്ഞു.
കനകദുര്‍ഗ മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ്. ഇവര്‍ ഡിസംബര്‍ 24ന് ശബരിമലയില്‍ എത്തിയിരുന്നെങ്കിലും മല ചവിട്ടാനായിരുന്നില്ല. കനകദുര്‍ഗയുടെ ഭര്‍ത്താവ് അവര്‍ വീട്ടില്‍ നിന്ന് പറയാതെയാണ് ശബരിമലയില്‍ എത്തിയതെന്ന് പറഞ്ഞിരുന്നു. തിരുവനന്തപുരത്തേക്ക് ജോലി സംബന്ധമായ ആവശ്യത്തിനെന്നാണു പറഞ്ഞതെന്നും ശബരിമലയില്‍ പോയതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇവര്‍ 24ന് ശേഷം വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്നു ഭര്‍ത്താവ് പൊലീസില്‍ പരാതി നല്കി. പിന്നാലെ താന്‍ തല്ക്കാലം കൂട്ടുകാരിക്കൊപ്പം താമസിക്കുകയാണെന്ന് കനകദുര്‍ഗ അറിയിക്കുകയായിരുന്നു.