കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു മുന്‍പ് മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച കേസില്‍ കോടതിയില്‍ വിചാരണ തുടങ്ങി. കേരളത്തെ ഒന്നടങ്കം നടുക്കിയ സംഭവമായിരുന്നു യുവ നടിയെ തട്ടിക്കൊണ്ടുപോയത്. ഈ കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനി (സുനില്‍കുമാര്‍) തന്നെയാണ് മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെയും മുഖ്യപ്രതി.
പ്രതി സുനില്‍കുമാര്‍ യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിനു ശേഷമാണ് മുതിര്‍ന്ന നടിയും പരാതി നല്‍കിയത്. അഞ്ചു വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. നിര്‍മ്മാതാവ് ജോണി സാഗരികയുടെ സിനിമയില്‍ അഭിനയിക്കാനായി തിരുവനന്തപുരത്തു നിന്ന് കൊച്ചിയില്‍ തീവണ്ടിയിലെത്തിയ നടിയെ സുനില്‍കുമാറിന്റെ സംഘം തട്ടിക്കൊണ്ടുപോവാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് ആരോപണം.
ആ സമയം ജോണി സാഗരികയുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന സുനില്‍കുമാര്‍ നിയോഗിച്ച മറ്റൊരാളാണ് നടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത്. ഇവരുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്മെയില്‍ ചെയ്യാനായിരുന്നു പദ്ധതി. അതിനായി ഇവര്‍ നിര്‍മ്മാതാവ് അറിയാതെ അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് നടിയെ വിളിച്ച് കുണ്ടന്നൂരിലെ ഹോട്ടലിലേക്കു കൊണ്ടുപോകാമെന്ന് പറഞ്ഞായിരുന്നു തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടത്തിയത്.