പെരുമ്പാവൂര്‍: വല്ലം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന വ്യജ ജിഎസ്ടി ബില്ലിങ് റാക്കറ്റ് പിടിയില്‍. ജിഎസ്ടിയിലെ ഇന്‍പുട്ട് സംവിധാനം ദുരുപയോഗിച്ചാണ് സംഘം കോടികളുടെ കൊള്ള നടത്തിയിരുന്നത്. ഏകദേശം 108 കോടിയുടെ വെട്ടിപ്പ് സംഘം നടത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര എക്സൈസ് ആന്‍ഡ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനം. തട്ടിപ്പിന്റെ സൂത്രധാരനായിരുന്ന നിഷാദ് രക്ഷപ്പെട്ടു.
സഹായികളെയും കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരും പരിസരങ്ങളിലുമുള്ള ചില പ്ലൈവുഡ് നിര്‍മാണ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ജിഎസ്ടി തട്ടിപ്പ് നടത്തിയിരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാളുകളായി തട്ടിപ്പുസംഘം കേന്ദ്ര എക്സൈസ് ആന്‍ഡ് കസ്റ്റംസിന്റെ നിരീക്ഷണത്തിലായിരുന്നു. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട്ട് ഓഫീസെടുത്താണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നിന്ന് 30 ലക്ഷം രൂപയും വ്യാജ ബില്ലുകളും നിരവധി ചെക്കുബുക്കുകളും മറ്റ് രേഖകളും പിടികൂടിയിട്ടുണ്ട്.
ലോഡ് കയറ്റി അയയ്ക്കാതെ മറ്റാരുടെയെങ്കിലും പേരില്‍ വ്യാജ ബില്‍ അടിച്ച് പെരുമ്പാവൂരില്‍ നിന്നുള്ള ലോറികളില്‍ ഇതര സംസ്ഥാനങ്ങളിലേക്കടക്കം അയച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഹൈദരാബാദ്, ബെംഗളൂരു. കോയമ്പത്തൂര്‍ എന്നിവിടങ്ങളിലുള്ള സംഘങ്ങളുമായി ചേര്‍ന്നായിരുന്നു തട്ടിപ്പ്. ഇവിടങ്ങളിലും കേന്ദ്ര എക്സൈസ് ആന്‍ഡ് കസ്റ്റംസ് പരിശോധന നടത്തിയിട്ടുണ്ട്. ജിഎസ്ടിയിലൂടെ സര്‍ക്കാരിന് ലഭിക്കേണ്ട കോടികള്‍ തട്ടിപ്പുസംഘങ്ങള്‍ കൈക്കലാക്കിയെന്നാണ് കരുതുന്നത്. ഇടപാടുകളുടെ തുക കുറച്ചുകാണിച്ചും തട്ടിപ്പു നടത്തിയിരുന്നു.
ഇടനിലക്കാരും കമ്പനി ഉടമകളും ഒത്തുകളിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പെരുമ്പാവൂരിലും പരിസരങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന എട്ട് പ്ലൈവുഡ് കമ്പനികളില്‍ എക്സൈസ് സംഘം പരിശോധന നടത്തി. തീര്‍ത്തും സാധാരണക്കാരുടെ പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ് എന്നിവ ഇവര്‍ തട്ടിപ്പിനുപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ചിലര്‍ പണം വാങ്ങി ആധാര്‍, പാന്‍ നമ്പറുകള്‍ സംഘത്തിന് കൈമാറിയതായും വ്യക്തമായിട്ടുണ്ട്. മാത്രമല്ല രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പ് സംഘത്തിന് വേരുകളുള്ളതായും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ തുടരും.