തിരുവനന്തപുരം: സംസ്ഥാനത്തെ അന്തിമവോട്ടര്‍ പട്ടിക ഈ മാസം 15-ാം തീയതിയോടെ പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു. സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനായി അപേക്ഷ നല്‍കിയത് നാലര ലക്ഷത്തിലേറെ കന്നിവോട്ടര്‍മാരും ഒരു ലക്ഷത്തിനടുത്ത് പ്രവാസികളുമാണ്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നവംബര്‍ 16 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്.
ഇതുവരെ ലഭിച്ച ഏകദേശം ആറുലക്ഷത്തോളം അപേക്ഷകളില്‍ 4,74,787 പേര് യുവാക്കളും 77,000 പ്രവാസികളുമാണ്. ഡിസംബര്‍ 25 ഓടെ ബൂത്ത്തല വെരിഫിക്കേഷന് പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയിരുന്നു. വിവിധ ജില്ലകളില്‍നിന്ന് ക്രോഡീകരിച്ചെത്തിയ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് അയക്കാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
കമ്മീഷന്റെ അംഗീകാരം ലഭിച്ചാല്‍ ജനുവരി 15 ഓടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും. പേരു ചേര്‍ക്കാനുള്ള അവസാന തീയതിയായ നവംബര്‍ 16ന് ശേഷവും നിരവധി അപേക്ഷകള്‍ ലഭിച്ചിരുന്നു. 1,10,000 ഓളം അപേക്ഷകള്‍ ഇത്തരത്തില്‍ ഉള്ളതായാണ് കണക്കുകള്‍. ഇവ എത്രയും വേഗം സമയബന്ധിതമായി തീര്‍പ്പാക്കിയാല്‍ പിന്നീട് അനുബന്ധപട്ടികയായി പ്രസിദ്ധീകരിക്കും.
എന്നാല്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളോ പരാതികളോ ഉള്ളവര്‍ക്ക് അതാത് കളക്ടറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല വോട്ടര്‍ സഹായ ഡെസ്കുകളില്‍ ബന്ധപ്പെടാം. താലൂക്ക് ഓഫീസുകളിലും വോട്ടര്‍മാര്‍ക്ക് സഹായത്തിന് പ്രത്യേക ഡെസ്കുണ്ട്. കൂടാതെ, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ 1950 എന്ന നമ്പരില്‍ സംസ്ഥാനതല ടോള്‍ ഫ്രീ കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.