മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി എംപി ലോക്സഭയില്‍ മുത്തലാഖ് ബില്‍ അവതരിപ്പിക്കുന്ന സമയത്ത് ഹാജരാകാത്തതിനെ കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് മുസ്ലിം ലീഗ് രാഷ്ട്രീയകാര്യ സമിതി ചെയര്മാന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇതിനായി പാര്‍ട്ടി ഉടന്‍ യോഗം വിളിക്കുമെന്നും ഹൈദരാലി തങ്ങള്‍ വ്യക്തമാക്കി.
തിങ്കളാഴ്ച രാജ്യസഭയില്‍ മുത്തലാഖ് ബില്‍ വരുമ്പോള്‍ യുപിഎ കക്ഷികളുമായും മറ്റു കക്ഷികളുമായും അത് പരാജയപ്പെടുത്താന്‍ സഹകരണമുണ്ടാക്കാന്‍ വേണ്ട നടപടികള്‍ ചെയ്യണമെന്നും മുസ്ലിം ലീഗ് എംപിമാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നടന്നുവരികയാണ്. രാജ്യസഭയില്‍ ബില്‍ പരാജയപ്പെടുന്നതോടെ ഇപ്പോഴുള്ള എല്ലാ ആക്ഷേപങ്ങള്‍ക്കും പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. ബില്‍ ലോക്സഭയില്‍ വന്ന ദിവസം ചന്ദ്രികയുടെ ഗവേണിങ് ബോഡി യോഗത്തില്‍ കുഞ്ഞാലിക്കുട്ടി എത്തിയിരുന്നതായും ഹൈദരാലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ നടപടിക്കെതിരെ സമസ്തയടക്കമുള്ള സംഘടനകള്‍ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. സമസ്ത നേതാക്കള്‍ ഇക്കാര്യം ഹൈദരാലി ശിഹാബ് തങ്ങളെ നേരിട്ടറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടിയോട് ഹൈദരാലി തങ്ങള്‍ വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിന് താന്‍ മറുപടി നല്‍കിയിട്ടുണ്ടെന്ന് കഞ്ഞാലിക്കുട്ടിയും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഹൈദരാലി തങ്ങള്‍ ഇന്ന് പറഞ്ഞത് കുഞ്ഞാലിക്കുട്ടിയുമായി സംഭവത്തിന് ശേഷം നേരിട്ട് സംസാരിച്ചിട്ടില്ലെന്നാണ്.