പാലാക്കാട്: ശിശുമരണം നടന്ന അട്ടപ്പാടി മേഖലയില്‍ അതീവ ശ്രദ്ധ വേണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ ജോലിയില്‍ വീഴ്ചവരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പാലക്കാട് ജില്ലാ ഭരണകൂടം അറിയിച്ചു.
ഈ വര്‍ഷം അട്ടപ്പാടി ആദിവാസി വിഭാഗത്തിലെ 13 നവജാത ശിശുക്കളാണ് മരിച്ചത്. ശിശു മരണം ആവര്‍ത്തിക്കുന്നതില്‍ പ്രതിഷേധിച്ച് മുള്ളി ഊരില്‍ നിന്നുള്ളവര്‍ കഴിഞ്ഞ മാസം കോട്ടത്തറ ട്രൈബല്‍ ആശുപത്രി ഉപരോധിച്ചിരുന്നു. ശിശുമരണ നിരക്ക് ഉയരുന്ന അട്ടപ്പാടിയില്‍ ഗൈനക്കോളജിസ്റ്റുകളുടെ അഭാവമുണ്ടെന്ന് ജില്ലാ വികസന സമിതി വിലയിരുത്തി.
ഈ സാഹചര്യത്തില്‍ ഗൈനക്കോളജിസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് യോഗത്തില്‍ അധ്യക്ഷനായിരുന്ന ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്ജ് അറിയിച്ചു. ഡോക്ടര്‍മാര്‍ ലീവില്‍ പോകുന്ന മുറയ്ക്ക് ബന്ധപ്പെട്ട ഓഫീസില്‍ അറിയിക്കണമെന്നും ജോലിയില്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സബ് കലക്ടര്‍ പറഞ്ഞു.