തിരുവനന്തപുരം: സര്‍ക്കാര്‍ സംസ്ഥാനത്തെ അഞ്ച് ജില്ലാ സഹകരണ ബാങ്കുകളെ ഉള്‍പ്പെടുത്താതെ കേരളബാങ്ക് രൂപവത്കരിക്കുന്നു. കോട്ടയം, ഇടുക്കി, കാസര്‍കോട്, വയനാട്, മലപ്പുറം ജില്ലാബാങ്കുകളാണ് ഒഴിവാക്കാന്‍ പോകുന്നത്.
ഇവയെ ഒഴിവാക്കുന്നത് സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഈ ജില്ലാബാങ്കുകളുടെ പൊതുയോഗത്തില്‍ ഉണ്ടാകില്ലെന്നതിനാലാണ്. രാഷ്ട്രീയ സമവായമുണ്ടാക്കാന്‍ യുഡിഎഫ് നേതൃത്വവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഈ തീരുമാനം.
സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് അപേക്ഷ നല്‍കിയത് 14 ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരളബാങ്ക് രൂപവത്കരിക്കാനാണ്. ഇതിന് റിസര്‍വ് ബാങ്ക് തത്ത്വത്തില്‍ അനുമതിനല്‍കി. അന്തിമാനുമതിക്കായി 19 ഉപാധികളാണ് മുന്നോട്ടുവെച്ചത്.
സംസ്ഥാന സഹകരണ നിയമവും ചട്ടവും പാലിച്ചുമാത്രമേ ലയനം നടത്താവൂ എന്നുള്ളതാണ് ഇതില്‍ ആദ്യത്തേത്. മാത്രമല്ല, നിയമത്തിലെ ഓരോ വ്യവസ്ഥകളും കൃത്യമായി പാലിക്കണമെന്നും ആര്‍ബിഐ പ്രത്യേകം പരാമര്‍ശിക്കുന്നു. ഒരു സഹകരണസ്ഥാപനം മറ്റൊരു സഹകരണ സ്ഥാപനത്തില്‍ ലയിപ്പിക്കാന്‍ പൊതുയോഗത്തിന്റെ മൂന്നില്‍രണ്ട് ഭൂരിപക്ഷം വേണമെന്നാണ് ചട്ടം.
എന്നാല്‍ കേരളബാങ്കിനെ യുഡിഎഫ് എതിര്‍ക്കുന്നതിനാല്‍ ഈ വ്യവസ്ഥ അഞ്ച് ജില്ലാ സഹകരണ ബാങ്കുകളില്‍ പാലിക്കാനാവാത്ത സ്ഥിതിയാണ്. നിയമഭേദഗതിയിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ആലോചനയുണ്ടായിരുന്നു. എന്നാല്‍, സഹകരണ നിയമത്തിലും കമ്പനി നിയമത്തിലുമുള്ള ഒരു നിബന്ധന സര്‍ക്കാര്‍ ഭേദഗതിയിലൂടെ കേരളബാങ്കിനായി മറികടക്കാന്‍ ശ്രമിച്ചാല്‍ റിസര്‍വ് ബാങ്ക് എതിര്‍ക്കാനിടയുണ്ട്. ഇതുസംബന്ധിച്ച് പ്രതിപക്ഷനേതാവിന്റേതടക്കമുള്ള പരാതികള്‍ റിസര്‍വ് ബാങ്കിന് ലഭിച്ചിട്ടുമുണ്ട്. ആ നിലയ്ക്ക്, നിയമഭേദഗതിയെ ഏതെങ്കിലും ജില്ലാബാങ്ക് കോടതിയില്‍ ചോദ്യം ചെയ്താലും കേരളബാങ്ക് രൂപവത്കരണത്തെ ബാധിക്കും.
ഒരു ജില്ലാബാങ്ക് ഛത്തീസ്ഗഢില്‍ സംസ്ഥാന ബാങ്കുമായി ചേരാതെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ റിസര്‍വ് ബാങ്ക് എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നത് സര്‍ക്കാരിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ജനുവരി 15നകം എല്ലാ ജില്ലകളിലും പ്രാഥമിക സഹകരണബാങ്ക് പ്രതിനിധികളുടെ യോഗംവിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കാനാണ് തീരുമാനം.