പത്തനംതിട്ട: മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ കേരളത്തിലേക്കാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ ഉപജീവനമാര്‍ഗത്തിനായി എത്തുന്നത്. ലോട്ടറി വഴിയും അല്ലാതെയും പലപ്പോഴും മഹാഭാഗ്യം ഇവരില്‍ പലര്‍ക്കും കേരളം സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ അത്തരമൊരു മഹാഭാഗ്യം തേടിയെത്തിയിരിക്കുകയാണ് ഇതര സംസ്ഥാന തൊഴിലാളിയായ ബാബ്ലു ബര്‍മനെ.
കേരളത്തിലേക്കെത്തിയ ബംഗാള്‍ സ്വദേശി ബാബ്ലു ബര്മന് ലക്ഷപ്രഭുവായിട്ടാണ് നാട്ടിലേക്ക് മടങ്ങുന്നത്. അടൂരില്‍ കെട്ടിട നിര്‍മ്മാണ തൊഴിലിനായി എത്തിയ ഇയാളെ ഭാഗ്യം തേടിയെത്തിയത് വിന് വിന് ലോട്ടറിയിലൂടെയാണ്. വിന് വിന് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപയ്ക്ക് അര്‍ഹനായിരിക്കുകയാണ് കെട്ടിട നിര്‍മ്മാണ സഹായിയായ ബര്മന്.
അടൂരിലെ വടക്കടത്തുകാവില്‍ ഇയാളും കുടുംബവും താമസിക്കുന്നത്. അടൂരിലെ മധു ലക്കി സെന്ററില്‍ നിന്നെടുത്ത ലോട്ടറിയക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. അടൂര്‍ സിഐ ജി സന്തോഷ് കുമാറിന്റെ സാന്നിധ്യത്തില്‍ ബര്മന് ലോട്ടറി ടിക്കറ്റ് അടൂര്‍ എസ്ബിഐ ശാഖയില്‍ ഏല്‍പ്പിച്ചു.