സംസ്ഥാന കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന വൈഗ 2018 മൂന്നാമത് അന്താരാഷ്ട്ര കാര്‍ഷികശില്പശാലയും പ്രദര്‍ശനവും എന്ന മേളയില്‍ പ്രളയാനന്തരം ജലാശങ്ങളില്‍ അടിഞ്ഞു കൂടിയ കുളവാഴയും പായലും നീക്കം ചെയ്യാന്‍ ചെലവ് കുറഞ്ഞ രീതിയുമായി എത്തിയിരിക്കുകയാണ് ആലപ്പുഴ എസ്ഡി കോളേജ്. കുളവാഴ ഉപയോഗിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചാണ് ആലപ്പുഴ എസ്ഡി കോളേജിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ അക്വാട്ടിക് റിസോഴ്സ് വിഭാഗം ശ്രദ്ധയാകാര്‍ഷിച്ചത്.
മുട്ട വയ്ക്കാനുപയോഗിക്കുന്ന ട്രേ മുതല്‍ മ്യൂറല്‍ പെയിന്റിങ് ചെയ്യാന്‍ കഴിയുന്ന ക്യാന്‍വാസ് വരെ കുളവാഴ ഉപയോഗിച്ച് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇവര്‍. എത്ര വലിയ ശബ്ദം പോലും കടത്തിവിടാന്‍ കഴിയാത്ത തരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന സൗണ്ട് അബ്സോര്‍ബിങ്ങ് ബോര്‍ഡ്, പാത്രങ്ങള്‍, മീനുകള്‍ക്കുള്ള ഭക്ഷണം, ജൈവവളമായി മാറ്റാവുന്ന ചെടിച്ചെട്ടികള്‍, പ്രകൃതിദത്തമായ പെയിന്റ്, എന്ന് വേണ്ട മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ ശില്‍പ്പം വരെ കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്നു.
പ്ലാസ്റ്റിക്ക് കൊണ്ട് എഗ്ഗ് ട്രേ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ നിര്‍മ്മിക്കുമ്പോള്‍ ശരിയായ സംസ്കരണം ബുദ്ധിമുട്ടുണ്ടാക്കും. എന്നാല്‍ കുളവാഴ ഉപയോഗിച്ച് രൂപമാറ്റം വരുത്തിയ ഉല്‍പ്പന്നങ്ങള്‍ ജൈവികമായി നശിപ്പിക്കപ്പെടുന്നവയാണ്. മൃദുവായ ഉല്‍പ്പന്നങ്ങള്‍ മുതല്‍ ദൃഢമായ ഉത്പന്നങ്ങള്‍ വരെ ഇങ്ങനെ വികസിപ്പിച്ചെടുക്കാന്‍ കഴിയും. കുളവാഴ പള്‍പ്പാക്കി മാറ്റി അതുപയോഗിച്ച് കൗതുകവസ്തുക്കള്‍, ഡിസ്പോസിബിള്‍ പ്ലേറ്റ്, ഫയല്‍ ബോര്‍ഡ്, ട്രേ തുടങ്ങിയവ നിര്‍മ്മിക്കാം.
ചാണകവറളിയുടെ കൂടെ കത്തിക്കാനായി ഉപയോഗിക്കാനും കൂണ് വളര്‍ത്താന്‍ വൈക്കോലിനുപകരമായും ചെടി വളര്‍ത്താന്‍ പ്ലാസ്റ്റിക് ഗ്രോ ബാഗുകള്‍ക്ക് പകരമായും കുളവാഴ ഉത്പന്നങ്ങള്‍ ഉപയോഗിക്കാം. നിര്‍മ്മാണചെലവ് ഉത്പന്നങ്ങള്ക്കനുസൃതമായിരിക്കും. കുളവാഴയില്‍ നിന്ന് അസംസ്കൃത വസ്തുക്കള്‍ എന്ന പരീക്ഷണത്തിന് തുടക്കമിടുന്നത് ഇരുപത് വര്‍ഷം മുമ്പ് ഡോ. ജി നാഗേന്ദ്രപ്രഭുവിന്റെ നേതൃത്വത്തിലുള്ള ടീമാണ്.