തിരുവനന്തപുരം: കഴിഞ്ഞമാസം ആറുലക്ഷത്തോളം കുടുംബങ്ങള്‍ എന്തുകൊണ്ടാണ് റേഷന്‍ വാങ്ങാത്തതെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് പരിശോധിക്കും. അധികൃതര്‍ വീടുകളില്‍ നേരിട്ടെത്തിയായിരിക്കും പരിശോധന. മുന്‍ഗണന, അന്ത്യോദയാ, സബ്സിഡി വിഭാഗങ്ങളുള്‍പ്പെടെ ആറുലക്ഷത്തോളം കുടുംബങ്ങളാണ് കഴിഞ്ഞമാസം റേഷന്‍ വാങ്ങാത്തത്.
ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുണ്ടായിട്ടും സൗജന്യമായി ലഭിക്കുന്ന വിഭാഗങ്ങള്‍ റേഷന്‍ മനഃപൂര്‍വ്വം വാങ്ങാത്തതാണോ എന്ന് പ്രധാനമായും പരിശോധിക്കും. കൂടാതെ സ്ഥലത്ത് ഇല്ലാത്തവരാണെങ്കില്‍ പരിശോധനയില്‍ ഇവര്‍ അനര്‍ഹരാണെന്ന് കണ്ടെത്തിയാല്‍ ഒഴിവാക്കും.29 ലക്ഷം കുടുംബങ്ങളാണ് മുന്‍ഗണനാ വിഭാഗത്തി(പിങ്ക്)ലുള്ളത്. ഇവരില്‍ 91,918 കുടുംബങ്ങള്‍ റേഷന്‍ ധാന്യം വാങ്ങിയില്ല.
അന്ത്യോദയാ വിഭാഗത്തില്‍ 12,892 കുടുംബങ്ങള്‍ റേഷന്‍ വാങ്ങിയിട്ടില്ല. 1.8 ലക്ഷം പേരാണ് സബ്സിഡി വിഭാഗത്തില്‍ റേഷന്‍ വാങ്ങാത്തത്. സബ്സിഡിയിതര വിഭാഗത്തില്‍ 3.18 ലക്ഷത്തോളം കുടുംബങ്ങള്‍ റേഷന്‍ വാങ്ങിയിട്ടില്ല. കൂടാതെ പ്രളയത്തെത്തുടര്‍ന്നുള്ള അഞ്ചുകിലോ അരി വാങ്ങാത്തവരെയും പരിശോധനയ്ക്ക് വിധേയമാക്കും.