കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്കു 30ന് തുടക്കമാവും. കുറഞ്ഞ വിലയില്‍ ആന്റിബയോട്ടിക് ഇല്ലാത്ത ശുദ്ധമായ മാംസം ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കേരള ചിക്കന്‍ പദ്ധതിയുടെ ഉദ്ഘാടനം മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. വര്‍ഷം മുഴുവന്‍ കിലോയ്ക്ക് 87 രൂപയ്ക്കും 90 രൂപയ്ക്കു ഇടയിലുള്ള വിലയ്ക്ക് കോഴികളെ ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പദ്ധതി നിലവില്‍ വരുന്നതോടെ 140-150 രൂപ നിരക്കില്‍ കോഴിയിറച്ചിയും ലഭ്യമാക്കും. ശുദ്ധമായ മാംസോല്പാദനം ഉറപ്പുവരുത്തുന്നരീതിയില്‍ ഫാമുകളെയും കടകളെയും നവീകരിക്കുക, വിപണിയിലെ ഇടത്തട്ടുകളെ ഒഴിവാക്കി ഉല്പാദകനും ഉപഭോക്താവിനും ന്യായവില സ്ഥിരെപ്പടുത്തുക, കോഴിമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംഭരിക്കുകയും സംസ്കരിക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് നോഡല്‍ ഏജന്‍സിയായ ബ്രഹ്മഗിരി ഡവലപ്മന്റ് സൊസൈറ്റി ചെയര്മാന് പി കൃഷ്ണപ്രസാദ് പറഞ്ഞു.
ഇറച്ചിക്കോഴി വളര്‍ത്തലിന് കുഞ്ഞുങ്ങളെ ആവശ്യത്തിന് ലഭ്യമാക്കാന്‍ സൊസൈറ്റി സംവിധാനമൊരുക്കിയിട്ടുണ്ട്. കര്ഷകന് ന്യായമായ ലാഭം ഉറപ്പാക്കുന്ന തരത്തില്‍ ഉല്പാദനമേഖലയില് ഇടപെടും. പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് കിലോക്ക് 11രൂപ മുതല്‍ വളര്‍ത്തുകൂലി ലഭ്യമാക്കും.