പത്തനംതിട്ട: ആറന്മുളയില് വീണ്ടും ചരിത്ര ഏടുകള്‍ കണ്ടെത്തി. വീരക്കല്ലും അഭിമുഖമായി സ്ത്രീ ശില്പങ്ങളുടെ നിരയുമാണ് ആറന്മുളയില് നിന്നും പുതുതായി കണ്ടെടുത്ത പുരാശേഖരം. പമ്പാ നദീതട പഠന ഗവേഷണസമതിയുടെ സഹായത്തോടെ സംസ്ഥാന പുരാവസ്തു വകുപ്പ് ഒരാഴ്ചയായി തുടരുന്ന ഉല്‍ഖനനമാണ് ചരിത്രത്തിലേക്ക് പുതിയ ഏടുകള്‍ സമ്മാനിച്ചത്.
ചെങ്കല്ലിലുള്ള കല്ലും കല്ലിന് അഭിമുഖമായി കിഴക്കും കിഴക്കു തെക്കും നാലും ഏഴും യുവതികളുള്ള സംഘ ശില്പവുമാണ് തിങ്കളാഴ്ച കെ കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. ടെറാക്കോട്ട ശില്‍പങ്ങളോടൊപ്പം ചെങ്കല്ലിലുള്ള പ്രത്യേക കഷണങ്ങളും ലഭിച്ചു. ഉല്ഖനനത്തില് ലഭിച്ച നാവുകൊണ്ട് മൂക്കില്‍ തലോടുന്നനാഗപ്പത്തി കേരളത്തില്‍ ആദ്യമായാണ് ലഭിക്കുന്നത്.
കേരളത്തിലുണ്ടായിരുന്ന പ്രത്യേക ഗോത്രവര്‍ഗ സംസ്കൃതിയുടെ ഭാഗമാണിതെന്നാണ് പ്രാഥമിക നിഗമനം. പൗരാണിക നാഗരികതയുടെ അവശിഷ്ടങ്ങളുടെ അക്ഷയഖനിയാണ് ആറന്മുളയിലെ ഉല്ഖനന സ്ഥലമെന്ന് ഗവേഷകന് രാജീവ് പുലിയൂര് പറഞ്ഞു.