തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വര്‍ധന. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുള്ള പ്രതിസന്ധി നിലനില്‍ക്കുമ്പോഴും സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയ കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസിയ്ക്ക് വരുമാനമായി ലഭിച്ചത് ഏഴ് കോടിയിലധികം രൂപ.
പ്രതിസന്ധികള്‍ കൂടിവരുമ്പോഴും കെഎസ്ആര്‍ടിസിയുടെ വരുമാനം ഉയരുകയാണ്. കഴിഞ്ഞ ദിവസത്തെ മാത്രം വരുമാനം 7 കോടി മുപ്പത്തി രണ്ട് ലക്ഷം രൂപയാണ്. മൂന്ന് സോണുകളിലും കഴിഞ്ഞ ദിവസവും സര്‍വ്വീസ് വെട്ടിച്ചുരുക്കിയിരുന്നു. ഇന്ന് 261 സര്‍വീസാണ് മുടങ്ങിയിരിക്കുന്നത്. ഇതില്‍ എറണാകുളം സോണില്‍ മാത്രമായി 125 സര്‍വ്വീസുകളാണ് ഇന്ന് മുടങ്ങിയത്.
കോഴിക്കോട് സോണ്‍ പൂര്‍വ സ്ഥിതിയിലേക്ക് വരികയാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഡിപ്പോകള്‍ നിലവിലുള്ള സര്‍വ്വീസ് കൃത്യമായി കൈകാര്യം ചെയ്യുന്നത് വരുമാനം വര്‍ധിക്കാന്‍ കാരണമായെന്ന് കെഎസ്ആര്‍ടിസി ചൂണ്ടിക്കാണിക്കുന്നു.