തിരുവനന്തപുരം: ഓര്ഗനൈസേഷന് ഓഫ് സോഷ്യല്‍ വര്‍ക്കേഴ്സ് ആന്‍ഡ് കൗണ്‍സിലേര്‍സ് രണ്ടാമത് സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടന്നു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലായി പ്രവര്‍ത്തിക്കുന്ന സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍മാരുടെ സംഘടനയാണ് ഒഎസ്ഡബ്ള്യുസി. തിരുവനന്തപുരം പഞ്ചായത്ത് അസോസിയേഷന് ഹാളില്‍ വെച്ചായിരുന്നു സമ്മേളനം.
സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പോക്സോ കേസുകള്‍ കുട്ടികളുടെ അവകാശ സംരക്ഷണം മുന്‍നിര്‍ത്തി അവരുടെ ഭാവിയെ ബാധിക്കാത്ത വിധത്തില്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ അതിവേഗ കോടതികള്‍ എല്ലാ ജില്ലയിലും അനുവദിക്കണം എന്നതായിരുന്നു സമ്മേളനത്തില്‍ ഉന്നയിച്ച പ്രധാന ആവശ്യം.
ആയിഷ പോറ്റി എംഎല്‍എ അധ്യക്ഷത വഹിച്ച സമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് സ ആനത്തലവട്ടം ആനന്ദന് ഉദ്ഘാടനം ചെയ്തു. ഒപ്പം ഓര്ഗനൈസേഷന് ഓഫ് സോഷ്യല്‍ വര്‍ക്കേഴ്സ് ആന്‍ഡ് കൗണ്‍സിലേര്‍സിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ‘കരുതലായി കുടെയുണ്ട് ‘ എന്ന ഡോക്യൂമെന്ററി യുടെ പ്രകാശനം സാമൂഹ്യ ആരോഗ്യവനിതാ ശിശു വികസന വകുപ്പ് മന്ത്രി കെകെ ഷൈലജ ടീച്ചര്‍ നിര്‍വഹിച്ചു.
കൂടാതെ സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വനിതാ മതിലില്‍ അണിചേര്‍ന്ന് വനിതാ മതില് വിജയിപ്പിക്കുന്ന കാര്യവും സമ്മേളനം അഗീകരിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെഎസ് സുനില്‍കുമാര്‍, ഒഎസ്ഡബ്ള്യുസി സംസ്ഥാന ജനറല്‍ സെക്രട്ടറി ധന്യ ആബിദ് തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംസാരിച്ചു.