പൊന്മുടി: പൊന്മുടിയിലെ കെടിഡിസിയുടെ ഗോള്‍ഡന്‍ പീക്ക് റിസോര്‍ട്ടില്‍ പണികഴിപ്പിച്ച 15 കോട്ടേജുകളുടെ ഉദ്ഘാടനം നിര്‍വഹിക്കവെ പൊന്മുടിയെ ലോകനിലവാരത്തിലുള്ള വിനോദസഞ്ചാരകേന്ദ്രമായി ഉയര്‍ത്താന്‍ വനസംരക്ഷണം ഉയര്‍ത്തിപ്പിടിച്ചുള്ള വികസനപദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ലോവര്‍ സാനിറ്റോറിയത്തിന്റെ വികസനത്തിനും സൗന്ദര്യവത്കരണത്തിനുമായി രണ്ടുകോടി രൂപയുടെ പദ്ധതികള്‍ക്കു ഭരണാനുമതിയായിട്ടുണ്ട്. ഇതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.
15 കോട്ടേജുകളാണ് ഗോള്‍ഡന്‍ പീക്കില്‍ പുതുതായി സമയബന്ധിതമായി നിര്‍മിച്ചത്. ഇതിനുപുറമേ, പഴയ ഗസ്റ്റ് ഹൗസില്‍ ഏഴുമുറികള്‍ നവീകരിച്ചിട്ടുമുണ്ട്. പുതിയ മന്ദിരം കുറേക്കാലമായി പൂര്‍ത്തിയാകാതെ കിടക്കുന്നതു പൂര്‍ത്തിയാക്കാനും നടപടിയെടുക്കും.
നിലവിലുള്ളതുള്‍പ്പെടെ 29 കോട്ടേജുകള്‍ ഇപ്പോള്‍ ഇവിടെയുണ്ട്. 3.2 കോടി രൂപ അടങ്കലിലാണ് 15 പുതിയ കോട്ടേജുകള്‍ പൊന്മുടിയിലെ ഗോള്‍ഡന്‍ പീക്ക് റിസോര്‍ട്ടില്‍ പുതുതായി പണികഴിപ്പിച്ചത്.