പാലക്കാട്: കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് കോഴി ലഭ്യമാക്കാനുള്ള ‘കേരള ചിക്കന്‍ പദ്ധതി’യുടെ ഭാഗമായി ജില്ലയില്‍ ആദ്യകോഴി ജനുവരിയില്‍ ലഭ്യമാവും. അന്യസംസ്ഥാന ലോബി നിയന്ത്രിക്കുന്ന കോഴിവിപണയില് വിലയില്‍ ഇടപെടല്‍ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.
ബ്രഹ്മഗിരി ഫാര്‍മേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി. ആദ്യഘട്ടത്തില്‍ പാലക്കാട്, മണ്ണാര്‍ക്കാട്, അലനല്ലൂര്‍, തച്ചമ്പാറ എന്നിവിടങ്ങളിലാണ് ജനുവരിയില്‍ ഔട്ട്ലറ്റുകള് തുടങ്ങുക. ഇത് പിന്നീട് വ്യാപിപ്പിക്കും. ആദ്യഘട്ടത്തില്‍ വയനാട്ടില്‍നിന്നുള്ള കോഴികളെയാണ് എത്തിക്കുക. കിലോഗ്രാമിന് 87-90 രൂപ നിരക്കില്‍ കോഴി ലഭ്യമാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.
മണ്ണാര്‍ക്കാട് കൊമ്പം, മലപ്പുറം മഞ്ചേരി എന്നിവിടങ്ങളിലെ ഫാമുകളില്‍ കോഴികളെ ഇറക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍നിന്നുള്ള കോഴികളും വൈകാതെ ലഭ്യമാവും. മലപ്പുറം ജില്ലയില്‍ ഡിസംബര്‍ 30-ന് ആറ് ഔട്ട്ലറ്റുകള് പ്രവര്‍ത്തനം തുടങ്ങും.
വില്പനകേന്ദ്രങ്ങളില് ഉണ്ടാവുന്ന കോഴിമാലിന്യം വയനാട്ടിലെ ബ്രഹ്മഗിരിയിലേക്കുതന്നെ തിരിച്ചുകൊണ്ടുപോയി അവിടെ സംസ്കരിക്കുകയാണ് ചെയ്യുക. ഇതിനായി ബ്രഹ്മഗിരിയില്‍ സംസ്കരണശാലയുണ്ട്. ദുര്‍ഗന്ധമോ മറ്റ് മലിനീകരണ പ്രശ്നങ്ങളോ ഇല്ലാതെ വില്പനകേന്ദ്രങ്ങളില് നി്ന്നുള്ള മാലിന്യം പ്രത്യേകം ഫ്രീസറില്‍ സൂക്ഷിക്കും.
ശേഷം ഇത് മാലിന്യം ബ്രഹ്മഗിരിയിലേക്ക് മാറ്റും. പാലക്കാട് മലപ്പുറം ജില്ലകളില്‍ കോഴിമാലിന്യസംസ്കരണ കേന്ദ്രങ്ങള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. ഇതോടെ കൂടുതല്‍ കോഴിവില്പന കേന്ദ്രങ്ങള്‍ തുടങ്ങും.
ദിവസം 1000 കിലോഗ്രം കോഴി വരെ നല്കാനാവുന്ന വില്പനകേന്ദ്രങ്ങളാണ് തുടങ്ങുക.