തൃശ്ശൂര്‍: തകഴിയുടെ ചെമ്മീനിനും ബെന്യാമിന്റെ ആടുജീവിതത്തിനും ശേഷം എംടി വാസുദേവന്‍ നായരുടെ നാലുകെട്ട് നോവലും അറബിയിലേക്ക് മൊഴിമാറ്റുന്നു. മലപ്പുറം കാളികാവ് സ്വദേശി അനസ് വാഫിയും യുഎഇയില്‍ പ്രവാസിയായി കഴിയുന്ന കാട്ടുമുണ്ട സ്വദേശി മുസ്ഥഫ വാഫിയും ചേര്‍ന്നാണ് നാലുകെട്ടിന്റെ പരിഭാഷ നിര്‍വ്വഹിക്കുന്നത്.
ഇരുവരുടെയും ഒരു വര്‍ഷത്തെ ശ്രമത്തിനൊടുവിലാണ് മലയാളത്തിലെ ക്ലാസിക് നോവല്‍ നാലുകെട്ട് അറബി വായനക്കാരിലേക്ക് എത്തുന്നത്. സൗദിയിലെ പ്രമുഖ പ്രസാധകരായ അല്‍ മദാരികാണ് മൊഴിമാറ്റം പുറത്തിറക്കുന്നത്.
നാലുകെട്ട് എന്ന തലക്കെട്ടില്‍ തന്നെയാണ് മൊഴിമാറ്റം പുസ്തകം പുറത്തിറങ്ങുക. അറബ് വായനക്കാര്‍ക്ക് കേരളീയ പശ്ചാത്തലത്തെ അടുത്തറിയാനുള്ള അവസരമാണ് പുസ്തകത്തിലൂടെ ലഭിക്കുക.